പന്തളം: കാലാവധി കഴിഞ്ഞ് വർഷങ്ങളായിട്ടിട്ടും പോളിസി തുക തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് എൽ.ഐ.സി മൈക്രോ ഇൻഷുറൻസ് ജീവൻ മധൂർ ഏജൻറുമാരും സബ് ഏജൻറുമാരും സംയുക്തമായി സമരം ആരംഭിക്കും. ഇതിനായി സമന്വയ ജനകീയ പ്രതികരണ വേദി എന്ന പേരിൽ സമിതി രൂപവത്കരിച്ചു. 25ന് രാവിലെ 10ന് പത്തനംതിട്ട എൽ.ഐ.സി ഒാഫിസിനു മുന്നിൽ സൂചനസമരം നടത്തും. എൽ.ഐ.സിയുടെ ലളിതമായ പോളിസിയാണ് ജീവൻ മധൂർ. പോളിസി നടപ്പിനായി എൽ.ഐ.സി ചാരിറ്റബിൾ സംഘടനകളെയാണ് ഏജൻറുമാരായി നിയമിച്ചിരുന്നത്. പോളിസി കാലാവധി പൂർത്തിയായിട്ടും പണം ലഭിക്കാത്തതിനെത്തുടർന്ന് എൽ.ഐ.സിയെ സമീപിച്ചപ്പോഴാണ് ഏജൻസികൾ പണമടക്കാതെ തിരിമറി നടത്തിയ വിവരം അറിഞ്ഞത്. എന്നാൽ, ഏജൻസികൾ പണമടച്ച രസീതുകൾ ഉൾപ്പെടെ എൽ.ഐ.സിക്കെതിരെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുള്ളതും ഉദ്യോഗസ്ഥരുടെ ഭാഗത്തെ ക്രമക്കേടാണ് പദ്ധതിയുടെ പരാജയത്തിനു കാരണമെന്നും ഇവർ വിശദീകരിച്ചു. ചാരിറ്റബിൾ സംഘടനകൾ നടത്തിയ ഏജൻസികളിൽ ആയിരക്കണക്കിനു സബ് ഏജൻറുമാരാണ് ജോലി ചെയ്തിരുന്നത്. ഇവർ പോളിസികൾ മുടക്കം കൂടാതെ ശേഖരിച്ച് പണം ഏജൻസികളെ രേഖാമൂലം ഏൽപിച്ചിട്ടുള്ളതാണ്. എന്നാൽ, ഉപഭോക്താക്കൾ പണം ലഭിക്കാതായതോടെ സബ് ഏജൻറുമാരെ തട്ടപ്പുകാരാക്കി പ്രതിഷേധവും പ്രതികരണവും തുടങ്ങിയതോടെയാണ് സംയുക്ത സമരത്തിനു തുടക്കമിടാൻ ധാരണയായത്. പോളിസി പ്രകാരം കോടികളാണ് ജനങ്ങളിൽനിന്ന് പിരിച്ചെടുത്തത്. ജനകീയ വഞ്ചന നടത്തിയ പദ്ധതി നടത്തിപ്പുകാരുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ നടപടി എടുക്കുക, പോളിസി ഉടമകളുടെ പണം തിരികെ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 25ന് നടക്കുന്ന സൂചനസമരം അധികാരികൾ അവഗണിച്ചാൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘാടക സമിതി പ്രസിഡൻറ് എലിസബത്ത് ജോയി, പുഷ്പലത, സനില സനിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.