പന്തളം: നിർധനർക്ക് കിടപ്പാടമൊരുക്കാൻ കൈത്താങ്ങായി ഒരുമ. മെഴുവേലി ഗ്രാമപഞ്ചായത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപവത്കരിച്ച സമിതിയാണിത്. പഞ്ചായത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം പണി പൂർത്തിയാകാത്ത വീടുകളുടെ നിർമാണം പൂർത്തീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനാവശ്യമായ സിമൻറ് കട്ട നിർമാണ യൂനിറ്റ് ഉദ്ഘാടനവും ഫണ്ട് സമാഹരണത്തിനും തുടക്കമായി. ദുർബല വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, പരിസ്ഥിതി സൗഹൃദ പഞ്ചായത്ത്, സമ്പൂർണ ജൈവപച്ചക്കറി ഗ്രാമം, ഉറവിട മാലിന്യ സംസ്കരണം, ശുദ്ധജലം ലഭ്യമാക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി വാർഡുതലത്തിൽ സംഘാടകസമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. നിർമാണം പൂർത്തിയാക്കാത്ത വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ നിർമാണ കമ്മിറ്റികളും രൂപവത്കരിച്ചു. 29 വീടുകളുടെ നിർമാണം പഞ്ചായത്തിൽ പൂർത്തിയാക്കാനുണ്ട്. ഇവയുടെ എസ്റ്റിമേറ്റ് പത്തനംതിട്ട മുസ്ലിയാർ എൻജിനീയറിങ് കോളജിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയാറാക്കി അംഗീകാരത്തിന് സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. പല വീടുകൾക്കും പഞ്ചായത്തിൽനിന്ന് അനുവദിച്ച തുക അപര്യാപ്തമായതാണ് നിർമാണം മുടങ്ങാൻ കാരണം. 29 വീടുകളുടെ നിർമാണത്തിന് 20,000 സിമിൻറ് കട്ടകൾ പുതുതായി ആരംഭിച്ച കട്ട നിർമാണ യൂനിറ്റിൽ നിർമിക്കും. ഒരുമ കൂട്ടായ്മയുടെ ഉദ്ഘാടനം വീണ ജോർജ് എം.എൽ.എ നിർവഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കെ.സി. രാജഗോപാലൻ, പി.ബി. സാജൻ, പി.ജി. രാജൻ ബാബു, കെ.സി. രാജഗോപാലൻ, പി.ബി. സാജൻ, പി.ജി. രാജൻബാബു, ആർ. അജയകുമാർ, വി.ആർ. ഉണ്ണികൃഷ്ണൻ നായർ, പി.കെ. തങ്കമ്മ, വിനീത അനിൽ, എൻ. സുലോചന, പിങ്കി ശ്രീധർ, ടി.കെ. ജനാർദനൻ, വി. സ്റ്റാലിൻ, ബി.എസ്. അനീഷ്മോൻ, എം.കെ. സത്യവൃതൻ, ഷൈനി ലാൽ, രാജി ദാമോദരൻ, ഗിരിജ ശുഭാനന്ദൻ, സീമ ബിനു, സുമേഷ് ജേക്കബ് സക്കറിയ, എ.ആർ. ബാലൻ, കെ.എൻ. രാധാചന്ദ്രൻ, അനിത ഭാസ്കരൻ, ലീല രാധാകൃഷ്ണൻ, പി.ആർ. ശ്രീകുമാർ, എൻ. ആശ, വി.എസ്. സതി, ഒരുമ ജനറൽ സെക്രട്ടറി വി.ആർ. സജികുമാർ, അജി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.