മാലിന്യചര്‍ച്ച: കൗണ്‍സിലില്‍ ബഹളം

തൃശൂര്‍: മാലിന്യത്തെയും അനധികൃത നിര്‍മാണത്തെയും ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം. മാലിന്യപ്രശ്നം ചര്‍ച്ച ചെയ്യാത്തതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു. പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ തിങ്കളാഴ്ച കോര്‍പറേഷന് മുന്നില്‍ നിരാഹാരം നടത്തുമെന്ന് ബി.ജെ.പി അംഗങ്ങള്‍. മാലിന്യമായിരുന്നു ശനിയാഴ്ച കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലെ മുഖ്യ ചര്‍ച്ച. നഗരത്തില്‍ മാലിന്യനീക്കം പൂര്‍ണമായും നിലച്ചെന്നും പരിഹാരം വേണമെന്നും യോഗം തുടങ്ങിയ ഉടന്‍ പ്രതിപക്ഷത്തെ അഡ്വ. എം.കെ. മുകുന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അജണ്ടക്കുശേഷം പൊതുചര്‍ച്ചയാവാമെന്നായി മേയര്‍ അജിത ജയരാജനും ഭരണപക്ഷാംഗങ്ങളും. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. അജണ്ട വായിച്ചുതീരുവോളം അവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചോദ്യത്തിന് മറുപടിയാവാമെന്ന് മേയര്‍ വ്യക്തമാക്കിയതോടെ അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. ചര്‍ച്ചയില്ലാതെ അജണ്ട പാസാക്കി. കോര്‍പറേഷന് മുന്നിലെ മാലിന്യം മാറ്റാന്‍ ആറ് മണിക്കൂര്‍ വേണ്ടിവന്നെന്നായിരുന്നു ജോണ്‍ ഡാനിയേലിന്‍െറ ആരോപണം. പൂങ്കുന്നത്തെ മാലിന്യപ്രശ്നം പരിഹരിച്ചില്ളെങ്കില്‍ താനും കുത്തിയിരിക്കുമെന്ന് ബി.ജെ.പി കൗണ്‍സിലര്‍ രാവുണ്ണിയും അറിയിച്ചു. കോര്‍പറേഷന് മുന്നില്‍ ആരാണ് മാലിന്യം ഇട്ടതെന്നറിയാന്‍ പൊലീസ് സ്ഥാപിച്ച കാമറകള്‍ പരിശോധിക്കണമെന്ന് എ. പ്രസാദ് ആവശ്യപ്പെട്ടു. വികേന്ദ്രീകൃത മാലിന്യ സംസ്കരണം കോര്‍പറേഷനില്‍ നടക്കുന്നില്ല. ലാലൂരിലേക്ക് മാലിന്യം കൊണ്ടുപോകുന്നതു നിര്‍ത്തിയ കഴിഞ്ഞ ഭരണസമിതി ബദല്‍ സംവിധാനം ഒരുക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഭരണപക്ഷത്തെ അഡ്വ. ശ്രീനിവാസന്‍ പറഞ്ഞു. മാലിന്യപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പറയുമ്പോള്‍ അജണ്ട വായിക്കാന്‍ പറയുന്നത് ജനാധിപത്യ മര്യാദയല്ളെന്നും സമരത്തിനുവേണ്ടി സമരം തങ്ങളുടെ രീതിയല്ളെന്നും മുന്‍ മേയര്‍ കൂടിയായ രാജന്‍ പല്ലന്‍ പറഞ്ഞു. രാജന്‍ പല്ലന്‍ മേയറായിരുന്ന കാലത്തെ അതേ മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് ഇപ്പോഴുമുള്ളതെന്നും ഇത്തരം നാടകങ്ങള്‍ വേണ്ടെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി മറുപടി നല്‍കിയതോടെ വീണ്ടും ഭരണ-പ്രതിപക്ഷ വാഗ്വാദമായി. ഉദ്യോഗസ്ഥരെ ബലിയാടാക്കി പ്രശ്നത്തില്‍നിന്ന് ഒളിച്ചോടാന്‍ അനുവദിക്കില്ളെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇത് നാടകമാണെന്നായി ഭരണപക്ഷം. പാക്ക് ചെയ്ത മാലിന്യമാണ് കോര്‍പറേഷന് മുന്നില്‍ ഉണ്ടായിരുന്നതെന്ന് അനൂപ് ഡേവീസ് കാട പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്നും ശാശ്വത പരിഹാരമാണ് വേണ്ടതെന്നുമായിരുന്നു മേയറുടെ മറുപടി. കൂട്ടായി ചര്‍ച്ച നടത്തി നല്ല പദ്ധതികള്‍ നടപ്പാക്കാമെന്നും മേയര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.