അധ്യാപകനായി പടിയിറങ്ങി; മന്ത്രിയായി മടങ്ങിയത്തെി

തൃശൂര്‍: കുട്ടികളെ പഠിപ്പിക്കാന്‍ പണ്ട് സൈക്കിളില്‍ എത്തിയിരുന്ന സെന്‍റ് തോമസ് കോളജിന്‍െറ കവാടത്തിലൂടെ ശനിയാഴ്ച കൊടിവെച്ച കാറിലാണ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെ അധ്യയനവും അധ്യാപനവും നടത്തിയ കലാലയത്തിലേക്ക് മന്ത്രിക്കുപ്പായമിട്ടശേഷമുള്ള ആദ്യ വരവ്. അതും ആരെയും അറിയിക്കാതെ, ആര്‍ഭാടങ്ങളൊന്നുമില്ലാതെ. അപ്രതീക്ഷിതമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിക്ക് മാതൃകലാലയത്തിന്‍െറ അഭിനന്ദനം അറിയിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിന് മുന്നില്‍നിന്ന് അദ്ദേഹം കോളജിനെ മൊത്തമൊന്ന് വീക്ഷിച്ചു. പണ്ട് താന്‍ മുദ്രാവാക്യം വിളിച്ച് നടന്ന വരാന്തയില്‍ പുത്തന്‍ പ്രതീക്ഷകളുമായി പ്രവേശം തേടിയത്തെിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും. അവരെ സ്വതസിദ്ധമായ ചിരികൊണ്ട് അഭിവാദ്യം ചെയ്ത് കോളജിനുള്ളിലേക്ക്. കാല്‍നൂറ്റാണ്ടിലധികം നീളുന്ന ഓര്‍മകളുടെ കൂടാണ് ഈ കലാലയം മാഷിന്‍െറ നെഞ്ചില്‍ കൂട്ടിയിട്ടുള്ളത്. ഓര്‍മകള്‍ അയവിറക്കി ക്ളാസ് മുറികള്‍ കയറിയിറങ്ങി മുന്നോട്ട് നടന്നു. വിദ്യാഭ്യാസ മന്ത്രിയുടെ അധികാരഭാവമല്ല മറിച്ച്, മാതൃവിദ്യാലായത്തില്‍ എത്തിയ പൂര്‍വ വിദ്യാര്‍ഥിയുടെ ആഹ്ളാദവും കൗതുകവുമായിരുന്നു അപ്പോള്‍ ആ മുഖത്ത്. സഹപ്രവര്‍ത്തകരില്‍ ചിലരൊക്കെ വിരമിച്ചു. പഴയവരോട് കുശലം ചോദിച്ചു. പുതിയവരെ പരിചയപ്പെട്ടു. അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്സ് കേരള ജില്ലാ സമ്മേളനത്തിന് എത്തേണ്ട സമയമായപ്പോള്‍ എല്ലാവരോടും യാത്രപറഞ്ഞ് മാഷിറങ്ങി. അഴിക്കോടന്‍ സ്മാരക മന്ദിരത്തിലെ സ്വീകരണത്തിന് ശേഷം ശനിയാഴ്ച രാവിലെ 11ഓടെയാണ് മന്ത്രി നഗരഹൃദയത്തിലെ കോളജിലത്തെിയത്. മന്ത്രി വരുന്നെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഓഫിസിലുള്ളവര്‍ക്കാകെ ടെന്‍ഷന്‍. ബിരുദ പ്രവേശത്തിന്‍െറ സമയമായതിനാല്‍ രാവിലെതന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ധാരാളം. മന്ത്രികൂടി എത്തും എന്നറിഞ്ഞതോടെ ജീവനക്കാര്‍ തിരക്കുപിടിച്ച് ഓടി. കഴിയുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മന്ത്രി യാത്ര പറഞ്ഞത്. പ്രിന്‍സിപ്പല്‍ ഡോ. പി.എ. ജെന്‍സന്‍, ഫാ. മാര്‍ട്ടിന്‍, വൈസ് പ്രിന്‍സിപ്പല്‍ തോമസ് പോള്‍ കാട്ടൂക്കാരന്‍, സി.സി. ജോയ്, അനധ്യാപക ഫെഡറേഷന്‍ നേതാവ് പി.ഒ. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.