നഗരസഭയുടെ ഇരട്ടനീതിക്ക് ഇരയായ വീട്ടമ്മയും കുടുംബവും ഓലഷെഡില്‍

ചാവക്കാട്: നഗരസഭയില്‍ ഭവന നിര്‍മാണാനുമതി 'വേണ്ടപ്പെട്ടവര്‍ക്ക്' മാത്രം. നഗരസഭയുടെ ഇരട്ടനീതിക്ക് ഇരയായ വിധവയായ വീട്ടമ്മയും മകളും മകനുമടങ്ങിയ കുടുംബം ഓലഷെഡില്‍ മഴയെ പേടിച്ച് കഴിച്ചുകൂട്ടുന്നു. ബ്ളാങ്ങാട് ബീച്ചില്‍ വീട് പണിയാന്‍ നഗരസഭ അധികൃതര്‍ക്ക് രണ്ട് നിയമമാണെന്നാണ് ഇവരുടെ ആക്ഷേപം. ബ്ളാങ്ങാട് കടപ്പുറത്ത് നഗരസഭാ ശ്മശാനത്തിന് സമീപം താമസിക്കുന്ന കൊപ്പരവീട്ടില്‍ പരേതനായ ഷാജിയുടെ ഭാര്യ ഷീബക്കാണ് (41) പൊളിച്ച് മാറ്റിയ തറവാട് വീട് നിന്നയിടത്ത് പുതിയ വീട് നിര്‍മിക്കാന്‍ നഗരസഭ അനുമതി നിഷേധിച്ചത്. അതേസമയം, ഇവരുടെ വീടിന്‍െറ വടക്ക് തീരദേശ റോഡിന്‍െറ പടിഞ്ഞാറ് ഭാഗത്തായി മറ്റൊരു വീടിന്‍െറ പണി നഗരസഭയുടെ അനുമതിയോടെ തകൃതിയായി നടക്കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ വീട് വെക്കാനായി തറവാട് പൊളിച്ചപ്പോള്‍ താല്‍ക്കാലികമായി കോണ്‍ക്രീറ്റ് സ്ളാബ് ചുവരായി നിര്‍മിച്ച ഓലഷെഡിലാണ് ഷീബയും കുടുംബവും താമസിക്കുന്നത്. തറവാട് ഭാഗംവെച്ച് കിട്ടിയ 12 സെന്‍റ് സ്ഥലത്താണ് ഇവര്‍ വീട് നിര്‍മിക്കാന്‍ അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. കാരണമായി ആദ്യം പറഞ്ഞത് ബ്ളാങ്ങാട് ബീച്ച് പാര്‍ക്കിനായി തൊട്ടടുത്ത സ്ഥലങ്ങള്‍ നഗരസഭ ഏറ്റെടുക്കുന്നതിനാല്‍ വീട് വെക്കാന്‍ അനുമതി നല്‍കില്ളെന്നായിരുന്നു. പിന്നീട് വിവരാവകാശ നിയമമനുസരിച്ച് നല്‍കിയ അപേക്ഷയില്‍ അനുമതി നല്‍കാത്തതിന്‍െറ കാരണമായി പറയുന്നതാകട്ടെ തീരദേശത്ത് നിര്‍മാണ നിയന്ത്രണമുണ്ടെന്നതും. തൊട്ടടുത്ത വീടിന് നിര്‍മാണ അനുമതി നല്‍കിയ നഗരസഭ തങ്ങളുടെ വീടിന് അനുമതി നല്‍കാത്തത് ഭരണ നേതൃത്വത്തിന്‍െറ രാഷ്ട്രീയ വിരോധം വെച്ചാണെന്ന് ഷീബ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് മാത്രം ബാധകമാവുന്നതാണോ തീരസുരക്ഷാ നിയമപരിധിയെന്നും ഈ വീട്ടമ്മ ചോദിക്കുന്നു. നഗരസഭാ അധികൃതരുടെ ഇരട്ട നീതിയില്‍ പ്രതിഷേധിച്ച് തുല്യനീതിക്കായി ഹൈകോടതിയെ സമീപിക്കാനിരിക്കുകയാണ് ഷീബ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.