പരിമിതികളില്‍ കൊരട്ടി റെയില്‍വേ സ്റ്റേഷന്‍

കൊരട്ടി: കൊരട്ടിയങ്ങാടി റെയില്‍വേ സ്റ്റേഷന്‍െറ പരിമിതികള്‍ പരിഹരിക്കാത്തതില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധം. ദിനേന രണ്ടായിരത്തില്‍പരം യാത്രക്കാരുള്ള കൊരട്ടിയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍ത്തണമെന്ന് യാത്രക്കാര്‍ കാലങ്ങളായി ആവശ്യപ്പെട്ടിട്ടും ഒരു നീക്കവും ഇല്ലാത്തതാണ് പ്രതിഷേധത്തിന്‍െറ പ്രധാന കാരണം. 30 ലക്ഷമാണ് ദിനേന വരുമാനമെങ്കിലും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ അധികാരികള്‍ക്ക് അമാന്തമാണ്. ഇന്‍ഫോ പാര്‍ക്ക്, കിന്‍ഫ്ര തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കും കാടുകുറ്റി, അന്നമനട തുടങ്ങിയ പഞ്ചായത്തുകളിലേക്കുമുള്ള യാത്രക്കാര്‍ക്ക് ട്രെയിന്‍ യാത്രക്ക് ആശ്രയം കൊരട്ടി റെയില്‍വേ സ്റ്റേഷനാണ്. സ്റ്റേഷന്‍െറ തെക്കുഭാഗത്തായി അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. അതുപോലെ മഴക്കാലത്ത് പ്ളാറ്റ്ഫോമില്‍ മഴനനഞ്ഞ് കാത്തുനില്‍ക്കണ്ട അവസ്ഥയാണ്. പ്ളാറ്റ്ഫോമില്‍ മേല്‍ക്കൂര നിര്‍മിക്കുക, പ്ളാറ്റ്ഫോം നീളം കൂട്ടുക, അങ്കമാലി വരെയുള്ള ഡെമു സര്‍വിസ് ചാലക്കുടി വരെ നീട്ടുക, ഫുട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുക, കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും യാത്രക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് അധികാരികള്‍ക്ക് പരാതി നല്‍കാന്‍ കൊരട്ടിയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ വികസനകമ്മിറ്റി യോഗം തീരുമാനിച്ചു. സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്കായി സംവിധാനങ്ങള്‍ സംഭാവന ചെയ്തവരെ യോഗം അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.പി. തോമസ്, ഗ്രേസി ബാബു, ലില്ലി പൗലോസ്, സി.ടി. സെബാസ്റ്റ്യന്‍, മനേഷ് സെബാസ്റ്റ്യന്‍, പി.എ. എബ്രഹാം, പി.കെ. പോള്‍, സലീം കൊരട്ടി, പി.കെ. ബാബു, ജോസഫ് ക്രിസ്റ്റോഫര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.