നഗരത്തില്‍ റോഡുകളിലെ കുഴി പാറപ്പൊടിയിട്ട് നികത്തി

തൃശൂര്‍: നഗരത്തിലെ റോഡുകളിലെ കുഴി താല്‍ക്കാലം പാറപ്പൊടിയിട്ട് നികത്തി. കോര്‍പറേഷന്‍ പരിധിയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി തിങ്കളാഴ്ച തുടങ്ങുമെന്ന് മേയര്‍ അജിത ജയരാജനും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയും അറിയിച്ചിരുന്നു. എന്നാല്‍ ടാറിങ് സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ തിങ്കളാഴ്ച പണി തുടങ്ങാനായില്ളെന്നാണ് വിശദീകരണം. മഴക്കാലത്ത് പണി നടത്താന്‍ പാകത്തിന് പ്രത്യേക ടാറിങ് സാമഗ്രികള്‍ ലഭിക്കാന്‍ താമസം നേരിട്ടതാണ് താല്‍ക്കാലിക പ്രവൃത്തി നടത്താന്‍ കാരണമത്രേ. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അറ്റകുറ്റപ്പണി നടക്കാതെ വന്നപ്പോഴാണ് ബുധനാഴ്ച പാറപ്പൊടിയിട്ട് കുഴിയടക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. ശക്തന്‍, വെളിയന്നൂര്‍ ഭാഗത്തെ റോഡുകളില്‍ ഉണ്ടായ ഗര്‍ത്തങ്ങള്‍ നികത്തുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ബാക്കി ഭാഗങ്ങളിലും കുഴിയടക്കല്‍ തുടരും. ഒരാഴ്ചക്കുശേഷം ടാറിങ് സാമഗ്രികള്‍ ലഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. എന്നാല്‍, ഇത് ലഭിക്കാന്‍ വീണ്ടും കാലതാമസം വരുമെന്ന് വന്നതോടെയാണ് ഓട്ടയടക്കല്‍ താല്‍ക്കാലിക പ്രവൃത്തിയാക്കിയത്. ശങ്കരയ്യ റോഡ്, വെളിയന്നൂര്‍, കിഴക്കേക്കോട്ട, ശക്തന്‍ സ്റ്റാന്‍ഡ്, ചെട്ടിയങ്ങാടി, പെന്‍ഷന്‍മൂല, ഇക്കണ്ട വാര്യര്‍, പട്ടാളം, കേരളവര്‍മ, നായ്ക്കനാല്‍ തുടങ്ങിയ റോഡുകളില്‍ വന്‍ഗര്‍ത്തങ്ങളുണ്ട്. പടിഞ്ഞാറേകോട്ടയില്‍ ബൈക്ക് ഗട്ടറില്‍ വീണ് കഴിഞ്ഞ ദിവസം യുവാവ് മരിച്ചിരുന്നു. തുടര്‍ന്ന് രണ്ട് യൂനിറ്റുകളാക്കി അഞ്ച് സോണലുകളിലും അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനിച്ചത്. കാലതാമസമില്ലാതെ അറ്റകുറ്റപ്പണിക്ക് മൊബൈല്‍ യൂനിറ്റ് രൂപവത്കരിക്കുമെന്നും പറഞ്ഞിരുന്നു. അപകട സാധ്യത വര്‍ധിച്ച പൂങ്കുന്നം റോഡ് ഉള്‍പ്പെടെ അറ്റകുറ്റപ്പണി നടത്തും. ജങ്ഷന്‍ വികസനത്തിന്‍െറ ഭാഗമായി കോര്‍പറേഷന്‍ ഏറ്റെടുത്ത റോഡുകള്‍ പലതും വര്‍ഷത്തിനകം തകര്‍ന്നു. തകര്‍ന്ന റോഡുകളില്‍ ചിലത് കോര്‍പറേഷന്‍െറയും മറ്റുള്ളത് പൊതുമരാമത്തിന്‍േറതുമാണ്. എന്നാല്‍, പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. പ്രധാനപ്പെട്ട എം.ജി റോഡും കഴിഞ്ഞ ദിവസം അപകടമുണ്ടായ പൂങ്കുന്നം ഭാഗത്തെ റോഡും പൊതുമരാമത്തിന്‍േറതാണ്. സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതിനാല്‍ എം.ജി റോഡ് വികസനം ചര്‍ച്ചയില്‍ ഒതുങ്ങി. പടിഞ്ഞാറേക്കോട്ട-പൂങ്കുന്നം റോഡിന്‍െറ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. കരാര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. കോര്‍പറേഷന്‍െറ അഞ്ച് സോണലുകളിലായി നിരവധി റോഡുകളാണ് തകര്‍ന്നുകിടക്കുന്നത്. കോര്‍പറേഷന് സ്വന്തം റോഡുകളെ കുറിച്ച് കൃത്യമായ അറിവില്ളെന്നും തങ്ങള്‍ നിര്‍മിക്കാത്ത റോഡിന്‍െറ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യപ്പെട്ടത് അതിന്‍െറ ഭാഗമായാണെന്നും പൊതുമരാമത്ത് വകുപ്പ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.