വൈദ്യുതി കാത്ത് കുടിവെള്ളപദ്ധതി

വെള്ളിക്കുളങ്ങര: ആനപ്പാന്തം ആദിവാസി കോളനിയിലെ പുതിയ കുടിവെള്ള പദ്ധതി വൈകുന്നു. നിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിച്ച പദ്ധതിക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് പ്രധാന തടസ്സം. ജലസംഭരണിയുടെയും പൈപ്പ് ലൈനിന്‍െറയും പണികള്‍ പൂര്‍ത്തിയാകാനുണ്ട്. കോളനിയില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളപദ്ധതി പൂര്‍ത്തീകരിച്ച് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കണമെന്ന ആവശ്യം ശക്തമായി. 45 ലക്ഷം ചെലവിലാണ് കുടിവെള്ളപദ്ധതി നിര്‍മിച്ചത്. 15.98 ഹെക്ടര്‍ വിസ്തൃതിയുള്ള കോളനിയിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് പദ്ധതിക്കായി ജലസംഭരണി സ്ഥാപിച്ചത്. രണ്ട് കുഴല്‍ക്കിണറുകളും ഇതിനോടുചേര്‍ന്ന മോട്ടോറുകളും ഉപയോഗിച്ച് ജലസംഭരണിയിലേക്ക് പമ്പിങ് നടത്തും. കോളനിയിലെ മുഴുന്‍ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. വീടുകളിലേക്കുള്ള ജലവിതരണപൈപ്പുകളും സ്ഥാപിച്ചുകഴിഞ്ഞു. എന്നാല്‍, മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് പമ്പിങ് ആരംഭിക്കാനായി വൈദ്യുതി കണക്ഷന്‍ ഇനിയും ലഭ്യമാക്കിയിട്ടില്ല. ഇതിനുള്ള നടപടി വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടില്ലാത്തതാണ് വൈദ്യുതി നല്‍കാന്‍ കഴിയാത്തതെന്നാണ് കെ.എസ്.എ.ബി അധികൃതരുടെ വിശദീകരണം. നേരത്തെ ആനപ്പാന്തം കാട്ടിലെ കോളനിയില്‍ കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങളെ 95ലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ശാസ്താംപൂവ്വത്ത് പുനരധിവസിപ്പിച്ചത്. 2010ല്‍ വനാവകാശ നിയമ പ്രകാരം ഇവര്‍ക്ക് ശാസ്താംപൂവ്വം വനപ്രദേശത്ത് 52 സെന്‍റ് വീതം ഭൂമിയും പിന്നീട് വീടും നിര്‍മിച്ചു നല്‍കുകയായിരുന്നു. കോളനി പ്രദേശത്തോട് ചേര്‍ന്ന കുളവും ചെറുകിണറുകളും കാടിനുള്ളിലെ നീര്‍ച്ചോലകളുമാണ് ഇവരുടെ ആശ്രയം. വേനല്‍ ആരംഭത്തില്‍ത്തന്നെ കുളങ്ങളും കാട്ടുചോലകളും വറ്റും. കോളനിയില്‍ മണ്ണ്ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി പലയിടങ്ങളിലും ചെറു കിണറുകള്‍ കുഴിച്ചിരുന്നു. ഇവയും വറ്റിയ നിലയിലാണ്. കുടിവെള്ളമില്ലാതായതോടെ കാടിനുള്ളിലെ ആദിവാസികളുടെ ജീവിതം ദുരിതം നിറഞ്ഞതായിട്ടുണ്ട്. വില കൊടുത്ത് വെള്ളം വാങ്ങിക്കേണ്ട ഗതികേടിലാണ് ഇവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.