കോണ്‍ഗ്രസ് സമരം ജാള്യത മറയ്ക്കാന്‍- നഗരസഭ ചെയര്‍മാന്‍

ഗുരുവായൂര്‍: ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം മാറ്റാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാളിയതിന്‍െറ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് സമരാഭാസങ്ങളുമായി രംഗത്തിറങ്ങിയതെന്ന് നഗരസഭ ചെയര്‍മാന്‍ പി.എസ്.ജയന്‍. സംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മാലിന്യ നീക്കം തടയാന്‍ കോണ്‍ഗ്രസ് പലതവണ ശ്രമിച്ചു. കൗണ്‍സിലിന്‍െറ ഇച്ഛാശക്തിയുടെ മുന്നില്‍ ഇതെല്ലാം പരാജയപ്പെട്ടു. ഇതാണ് ചെയര്‍മാനെ തടയുന്നതടക്കമുള്ള സമരാഭാസങ്ങളിലേക്ക് കോണ്‍ഗ്രസ് തിരിയാന്‍ കാരണമെന്ന് ചെയര്‍മാന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 2014 ഒക്ടോബര്‍ ഒന്നിന് ചേര്‍ന്ന കൗണ്‍സില്‍ തീരുമാന പ്രകാരം മാലിന്യം കൊണ്ടുപോകാന്‍ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ മൂന്ന് ടെന്‍ഡറാണ് ലഭിച്ചത്. 2014 ഒക്ടോബര്‍ 31 ന് ചേര്‍ന്ന കൗണ്‍സില്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ഒലീന മഹിളസമാജത്തിന്‍െറ ടെന്‍ഡര്‍ അംഗീകരിച്ചു. കിലോക്ക് 5.25 രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 25 പൈസ കുറവ് ചെയ്ത് 5 രൂപക്ക് ടെന്‍ഡറിന് അംഗീകാരം നല്‍കി. 2015 ജനുവരി 14 ന് മാലിന്യ നീക്കത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മാലിന്യ നീക്കം തടയാന്‍ പലതവണ ശ്രമം നടന്നുവെങ്കിലും ജൂലൈ 21 കരാര്‍ ഒപ്പിട്ടു. രാഷ്ട്രീയ സമ്മര്‍ദ ഫലമായി പിന്നെയും ഒരുമാസം മാലിന്യനീക്കം വൈകി. ഒടുവില്‍ കഴിഞ്ഞ മാസം 11 ന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും 15 ന് മാലിന്യ നീക്കം ആരംഭിക്കുകയും ചെയ്തു. മഴയും വലിയ പെരുന്നാള്‍ തുടങ്ങിയ അവധി ദിവസങ്ങളും വന്നതോടെ മാലിന്യം നീക്കം ചെയ്യുന്നത് തുടരുന്നതിന് താമസമുണ്ടായി. ഈ മാസം 26 മുതല്‍ കൂടുതല്‍ ലോഡ് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ രേഖകളും സുതാര്യമാണെന്നും ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്ന മാലിന്യനീക്കം അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ചെയര്‍മാന്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.