പത്രിക പൂരിപ്പിച്ചു, ഫീസ് അടച്ചു, പാര്‍ട്ടി ഓഫിസിലത്തെിയപ്പോള്‍ സ്ഥാനാര്‍ഥി മാറി

കയ്പമംഗലം: ഗ്രൂപ് നേതാക്കള്‍ അറിയിച്ചതനുസരിച്ച് പത്രിക പൂരിപ്പിച്ച്, ഫീസടച്ച് പത്രിക സമര്‍പ്പണത്തിനായി പാര്‍ട്ടി ഓഫിസിലത്തെിയപ്പോള്‍ സ്ഥാനാര്‍ഥി മാറി! കരഞ്ഞും പ്രതിഷേധിച്ചും ഫലം കാണാതായപ്പോള്‍ റിബലായി പത്രിക നല്‍കി സങ്കടം തീര്‍ത്തു. ചളിങ്ങാട് സ്വദേശി ആഫിയ മജീദിനാണ് ഈ അനുഭവം. കോണ്‍ഗ്രസിന്‍െറ സജീവ പ്രവര്‍ത്തകയായ ആഫിയ ഇക്കുറി മതിലകം ബ്ളോക്കിന്‍െറ എടത്തിരുത്തി വാര്‍ഡില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കയ്പമംഗലം പഞ്ചായത്ത് പത്താം വാര്‍ഡിലെ സ്ഥാനാര്‍ഥിയാകണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രൂപ് നേതാക്കള്‍ അറിയിച്ചു. ഇതനുസരിച്ച് ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഗ്രൂപ് യോഗങ്ങളില്‍ സജീവമായി പങ്കടെുത്തിരുന്നു. ബുധനാഴ്ച പത്രിക പൂരിപ്പിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഇവര്‍ കാളമുറിയിലെ പാര്‍ട്ടി ഓഫിസിലത്തെി. സ്ഥാനാര്‍ഥികളെ ഓരോരുത്തരെയായി ഹാരാര്‍പ്പണം നടത്തുന്ന ചടങ്ങില്‍ തന്‍െറ പേര് വിളിക്കുന്നതും കാത്ത് ആഫിയ ഇരുന്നു. പക്ഷെ, വിളിച്ചത് ദമയന്തി ദാസന്‍െറ പേരായിരുന്നു. തന്നോട് പത്രിക പൂരിപ്പിക്കാന്‍ പറഞ്ഞ ഗ്രൂപ്പ് നേതാക്കളെ തടഞ്ഞു നിര്‍ത്തി കാര്യം തിരക്കിയെങ്കിലും ‘മണ്ഡലം കമ്മിറ്റി തീരുമാനമാണ്’ എന്ന് പറഞ്ഞ് അവര്‍ തടി തപ്പി. അപമാനിക്കപ്പെട്ട വേദനയില്‍ കരഞ്ഞും പ്രതിഷേധിച്ചും പാര്‍ട്ടി ഓഫിസിന് പുറത്ത് ഒച്ചവെച്ചെങ്കിലും ആഫിയയെ സാന്ത്വനിപ്പിക്കാന്‍ ആരും എത്തിയില്ല. താന്‍ മത്സരിക്കാനിരുന്ന ബ്ളോക് ഡിവിഷന്‍ നേരത്തെ നോട്ടമിട്ട വനിതാ നേതാവും ഗ്രൂപ്പ് നേതാക്കളും ഒത്തുകളിക്കുകയായിരുന്നു എന്ന് ആഫിയ ആരോപിച്ചു. റിബലായി മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പിക്കുമെന്ന് ആഫിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.