അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍

ചാവക്കാട്: കൈത്തോക്കുകളും സ്ഫോടന സാമഗ്രികളുമായി മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ അറസ്റ്റില്‍. മലപ്പുറം പെരുമ്പടപ്പ് അയിരൂര്‍ നാലകത്ത് യൂസഫ് മുഹമ്മദ് എന്ന സെല്‍പുരം യൂസഫ് (42), നിലമ്പൂര്‍ മൊറയൂര്‍ സാലിഹ് എന്ന പിസ്റ്റള്‍ സാലിഹ് (42), തൃശൂര്‍ കേച്ചേരി മണലി ചേരപ്പറമ്പ് കുറ്റിക്കാട്ടില്‍ ഷിന്‍േറാ എന്ന കേച്ചേരി ഷിന്‍േറാ (34) എന്നിവരാണ് അറസ്റ്റിലായത്. വടക്കേക്കാട്, ആല്‍ത്തറ മേഖലകളില്‍ ജ്വല്ലറി കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ ചൊവ്വാഴ്ച രാത്രി വടക്കേക്കാട് ഗ്രാമീണ ബാങ്ക് പരിസരത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് മൂന്ന് റിവോള്‍വര്‍, രണ്ട് ഡിറ്റനേറ്റര്‍, എട്ട് മൊബൈല്‍ ഫോണ്‍, നിരവധി സിംകാര്‍ഡുകള്‍, രണ്ട് കട്ടിങ് പ്ളെയര്‍, രണ്ട് സ്പാനറുകള്‍, ഒരു സ്ക്രൂ ഡ്രൈവര്‍, നാല് വ്യാജ നമ്പര്‍ പ്ളേറ്റ്, മൂന്ന് ബൈക്ക് എന്നിവ പിടിച്ചെടുത്തു. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികള്‍ ആറ് മാസത്തിനിടെ തലക്കടിച്ചും തോക്കുചൂണ്ടിയും വിവിധ സ്ഥലങ്ങളില്‍ നിന്ന് 53 പവന്‍ സ്വര്‍ണവും 1.68 ലക്ഷം രൂപയും കവര്‍ന്നതായും കണ്ടത്തെി. പ്രവാസി വ്യവസായി വടക്കേക്കാട് തടാകം കുഞ്ഞുമഹമ്മദ് ഹാജിയുടെ വീട് കുത്തിത്തുറന്ന് ഒന്നരക്കോടിയുടെ ആഭരണം കവര്‍ന്ന കേസ് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് തൃശൂര്‍ അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച സംഘത്തിലെ ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സണ്‍, കുന്നംകുളം സി.ഐ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശിയായ യൂസഫ് അയിരൂരില്‍ നിന്ന് വിവാഹം കഴിച്ച് അവിടെ താമസിക്കുകയാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റി അത്ലറ്റായിരുന്ന സാലിഹ് തമിഴ്നാട്ടിലാണ് താമസം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഏറെ നേരം പിന്തുടര്‍ന്നാണ് പിടികൂടിയത്. സാലിഹ് 54ഉം യൂസഫ് 30ഉം ഷിന്‍േറാ എട്ടും കേസുകളില്‍ പ്രതിയാണെന്ന് ജില്ലാ പൊലീസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്. സാലിഹ് 2009ല്‍ കോഴിക്കോട് രാമനാട്ടുകര ആനക്കച്ചേരിയില്‍ ജ്വല്ലറി ഉടമയെയും ഭാര്യയെയും കെട്ടിയിട്ട് ഒരുകിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ജാമ്യത്തിലറങ്ങി മുങ്ങിനടക്കുകയായിരുന്നു. കൂത്തുപറമ്പില്‍ ജ്വല്ലറി കവര്‍ച്ചാശ്രമത്തിനിടെ പിടിയിലായ ഇയാള്‍ മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷക്കുശേഷമാണ് പുറത്തിറങ്ങിയത്. ഗുണ്ടാ ആക്ടില്‍പെട്ട് ചെന്നൈ സെന്‍ട്രല്‍ ജയിലിലും ഒന്നര വര്‍ഷം ശിക്ഷ അനുഭവിച്ചു. യൂസഫും ഒരുവര്‍ഷം ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ഷിന്‍േറാ കര്‍ണാടകയിലെ ചിക്കമഗളൂരുവില്‍ ഒരാളെ തലക്കടിച്ചു കൊന്ന കേസിലും ആഡംബര വാഹന മോഷണക്കേസുകളിലും പ്രതിയാണ്. ഒരിടത്ത് മോഷണം നടത്തിക്കഴിഞ്ഞാല്‍ മറ്റൊരു സംസ്ഥാനത്തേക്ക് മുങ്ങുകയാണ് പതിവ്. തൊടുപുഴ ഭാഗത്ത് ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് മോഷണം ലക്ഷ്യമിട്ടിരുന്നു. ഇതിനിടെ കൊരട്ടിയിലത്തെിയ സംഘം വീട്ടില്‍ തനിച്ച് കഴിയുകയായിരുന്ന വയോധികനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടി. ആറുമാസത്തിനിടെ സംസ്ഥാനത്ത് 17ഉം തമിഴ്നാട്ടില്‍ ഏഴും കര്‍ണാടകയില്‍ ഒന്നും കവര്‍ച്ചകള്‍ നടത്തി. 2004ല്‍ ചേര്‍പ്പ് സ്റ്റേഷന്‍ പരിധിയില്‍ ആറാട്ടുപുഴ അമ്പലത്തിന് സമീപം കുടത്തിങ്കല്‍ സരസ്വതി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനു സമിപം ആലങ്ങാടന്‍ വാറുണ്ണിയുടെ മകന്‍ ലൂയിസ്, ഇരിങ്ങാലക്കുട കല്ലട ബാറിനു സമീപം കൊട്ടിയാട്ടില്‍ സുധാകരന്‍െറ ഭാര്യ ഉഷ, പുതുക്കാട് റെയില്‍വേ സ്റ്റേഷനു സമിപം ലോനപ്പന്‍െറ ഭാര്യ അന്നക്കുട്ടി, ഒല്ലൂര്‍ ടൗണില്‍ കൊടക്കാടന്‍ പോളിന്‍െറ ഭാര്യ ഓമന, അങ്കമാലി ഹൈവേയില്‍ എളവൂര്‍ ജങ്ഷനിലെ ഭരണിക്കുളങ്ങര ജോസ്, തൊടുപുഴയില്‍ ബസ് കാത്തുനിന്ന യാത്രക്കാരി, കോട്ടയം മണ്ണാര്‍ക്കാട് പള്ളശേരി വര്‍ക്കിയുടെ ഭാര്യ ഗ്രേസി, ചങ്ങനാശേരി പോളയില്‍ തേക്കാടന്‍ ബോബന്‍ തോമസ്, തിരുവല്ല മല്ലപ്പള്ളി റോഡില്‍ പട്ടരുമഠത്തില്‍ വര്‍ഗീസിന്‍െറ മകന്‍ യോഹന്നാന്‍, തൃശൂര്‍ കൊടകര നെല്ലായിയില്‍ വീട്ടമ്മ എന്നിവരുടെ മാല പൊട്ടിച്ച കേസുകളില്‍ ഇവര്‍ പ്രതികളാണ്. വടക്കാഞ്ചേരിയില്‍ കാല്‍നടക്കാരന്‍െറ ബാഗ് തട്ടിയെടുത്ത് 7,600 രൂപയും പാലക്കാട് ചിറ്റൂരില്‍ യാത്രക്കാരന്‍െറ 16,000 രൂപയും പാലക്കാട് കൊടുവായൂരില്‍ ബാഗ് തട്ടിപ്പറിച്ച് 20,000 രൂപയും കവര്‍ന്നു. പാലക്കാട് സൗത്, കൊഴിഞ്ഞാമ്പാറ, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ എം.കെ. രമേഷ്, വടക്കേക്കാട് എസ്.ഐ ടി.എസ്. റനീഷ്, ചാവക്കാട് എസ്.ഐ പി.ഡി. അനൂപ്മോന്‍, വലപ്പാട് എസ്.ഐ എം.പി. മുഹമ്മദ് റാഫി, ഷാഡോ പൊലീസ് എ.എസ്.ഐ മുഹമ്മദ് അഷ്റഫ്, സീനിയര്‍ സി.പി.ഒമാരായ പി.സി. സുനില്‍, എന്‍.കെ. അനില്‍കുമാര്‍, സുരേന്ദ്രന്‍, ഹബീബ്, സുദേവ്, ജിജോ, സൂരജ് വി. ദേവ്, ഐ.ആര്‍. ലിജു, സൈബര്‍ സെല്ലിലെ എ.കെ. മനോജ്. പി.കെ. സരിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വാര്‍ത്താസമ്മേളനത്തില്‍ തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ്ബാബുവും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.