ഭാരതമാലിന്യപ്പുഴ

ചെറുതുരുത്തി: പിതൃമോക്ഷത്തിന് പാണ്ഡവര്‍ ബലിതര്‍പ്പണം നടത്തിയ പുണ്യനദിയായി അറിയപ്പെടുന്ന ഭാരതപ്പുഴ ആരോഗ്യമേഖലക്ക് സമ്മാനിക്കുന്നത് ആശങ്ക മാത്രം. പുഴ വറ്റിവരളാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. ഉള്ള നീരുറവയില്‍ നിന്ന് കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നതാകട്ടെ മലിനജലവും. ജില്ലയുടെയും പാലക്കാട്, മലപ്പുറം എന്നീ സമീപ ജില്ലകളുടെയും പ്രധാന ജലസ്രോതസ്സാണ് ഭാരതപ്പുഴ. പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ പഞ്ചായത്തുകളിലേക്കും തൃശൂരിലെ പാവറട്ടി, ചാവക്കാട്, ഗുരുവായൂര്‍ കുടിവെള്ള പദ്ധതികളിലേക്ക് ജലമത്തെിക്കുന്നത് ചെറുതുരുത്തിയിലെ പമ്പ് ഹൗസ് വഴിയാണ്. ഇതാകട്ടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് തൊട്ടടുത്താണ്. കിലോമീറ്ററുകള്‍ താഴെ വെള്ളിയാങ്കല്ല് റഗുലേറ്ററുള്ളതിനാല്‍ പുഴയുടെ ഈ ഭാഗത്ത് നീരൊഴുക്കില്ല. പുല്‍ക്കാടുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന നീര്‍ച്ചാല്‍ മാത്രമാണ് ഭാരതപ്പുഴ. അഴുക്കുചാലിന് സമാനമായ വെള്ളക്കെട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു. മാലിന്യനിക്ഷേപം നിത്യവും നിളയെ വിഷമയമാക്കുകയാണ്. നഗരമാലിന്യം ഒരു നിയന്ത്രണവുമില്ലാതെ പുഴയിലേക്ക് ഒഴുക്കുന്നു. പട്ടാമ്പി ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര, നിള ആശുപത്രി, നഗരത്തിലെ പ്രധാന ഓവുചാലുകള്‍ എന്നിവിടങ്ങളിലെ മാലിന്യം എത്തുന്നതും പുഴയിലേക്കാണ്. ജലക്ഷാമം രൂക്ഷമായതിനാല്‍ ഈ വെള്ളം തന്നെ കുളിക്കാനും കുടിക്കാനും ഉപയോഗിക്കേണ്ട ഗതികേടിലാണ്. ഷൊര്‍ണൂര്‍ പമ്പ് ഹൗസിന് താഴെയാണ് തുണിയലക്കല്‍. ഈ വെള്ളം ശുദ്ധീകരിക്കാതെയാണ് വിതരണം ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരുഭാഗത്ത് അനിയന്ത്രിത മണലൂറ്റിനത്തെുടര്‍ന്ന് പുഴ ഇല്ലാതാകുമ്പോള്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് വലിയ കുഴികളെടുത്തും ചാല് കീറിയുമാണ് വെള്ളം ഒഴുക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ശുചീകരണം കൊണ്ട് മലിനീകരണം തടയാനാകില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശുദ്ധജലവിതരണം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പോ വാട്ടര്‍ അതോറിറ്റിയോ പഞ്ചായത്ത് അധികൃതരോ നടപടിയെടുത്തിട്ടില്ല. ഭാരതപ്പുഴ സംരക്ഷണത്തിന് പദ്ധതികള്‍ ആവിഷ്കരിക്കുകയും കോടികള്‍ വകയിരുത്തുകയും ചെയ്തെങ്കിലും ഫലപ്രദമായില്ല. മണലൂറ്റിനത്തെുടര്‍ന്ന് കര ഇടിയുന്ന ഭാരതപ്പുഴയുടെ സംരക്ഷണത്തിന് കഴിഞ്ഞ ബജറ്റില്‍ 100 കോടി വകയിരുത്തിയെങ്കിലും വകമാറ്റി. ഭാരതപ്പുഴ ഡെവലപ്മെന്‍റ് അതോറിറ്റി രൂപവത്കരിക്കാന്‍ 1992ല്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും റവന്യൂ -ഇറിഗേഷന്‍ വകുപ്പുകളുടെ കിടമത്സരം മൂലം നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.