വേണം ചാലക്കുടിക്കൊരു സ്റ്റേഡിയം

ചാലക്കുടി: ദേശീയ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ ചാലക്കുടിയില്‍ നിലവാരമുള്ള കളിസ്ഥലം വേണമെന്ന ആവശ്യം ഉയരുന്നു. അന്തര്‍ദേശീയ ഫുട്ബാള്‍ കോച്ചും താരവുമായ ടി.കെ. ചാത്തുണ്ണിയുടെ നേതൃത്വത്തിലുള്ള ഫുട്ബാള്‍ താരങ്ങളാണ് ആവശ്യവുമായി രംഗത്തത്തെിയത്. ഇതുസംബന്ധിച്ച് അദ്ദേഹം നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരനും മറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നിവേദനം സമര്‍പ്പിച്ചു. ദേശീയപാതക്കായി ഏറ്റെടുത്ത ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂള്‍ മൈതാനത്തിന്‍െറ അവശേഷിക്കുന്ന ഭാഗം വികസിപ്പിച്ച് സ്റ്റേഡിയമാക്കണമെന്നാണ് ആവശ്യം. ദേശീയപാതക്ക് സമീപമായി സ്റ്റേഡിയം നിര്‍മിച്ചാല്‍ അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ ചാലക്കുടിക്ക് കഴിയുമെന്നും ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സ്റ്റേഡിയത്തോട് ചേര്‍ന്ന് മുറികള്‍ പണിതാല്‍ അതില്‍നിന്ന് നഗരസഭക്ക് വരുമാനമുണ്ടാക്കുകയും ചെയ്യാം. വിമാനത്താവളവും മറ്റ് ഗതാഗത സൗകര്യങ്ങളും സമീപത്തുതന്നെ ഉള്ളതിനാല്‍ ചാലക്കുടിയുടെ വികസനത്തിന് വഴിതുറക്കും. സ്റ്റേഡിയം സാധ്യമാകണമെങ്കില്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍ മാറ്റേണ്ടിവരും. ദേശീയപാതക്ക് ഏറ്റെടുത്ത സ്ഥലത്തിന് പകരം ലഭിച്ച മൈതാനത്ത് സ്കൂള്‍ കെട്ടിടം പണിയാം. എട്ട് ട്രാക്ക് ഉള്‍പ്പെടെ ഫുട്ബാള്‍ സ്റ്റേഡിയത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കണം. പവലിയന്‍, ഡ്രസിങ്, ഓഫീഷ്യല്‍ കോണ്‍ഫറന്‍സ് സൗകര്യം, കാര്‍പാര്‍ക്കിങ് എന്നീ സൗകര്യവും ഒരുക്കണം. എന്നാല്‍ കായിക താരങ്ങളുള്‍പ്പെടെയുള്ള ഒരു വിഭാഗം നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കളിസ്ഥലം നിര്‍മാണത്തിന്‍െറ പേരില്‍ സ്കൂള്‍ കെട്ടിടം മാറ്റിപ്പണിയുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണായ സ്ഥലത്ത് നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളിനെ മാറ്റി മേഖലയെ കച്ചവടവത്കരിക്കാനും കെട്ടിട നിര്‍മാണ മാഫിയയെ പ്രോത്സാഹിപ്പിക്കാനുമാണ് നീക്കമെന്നും വിമര്‍ശമുണ്ട്. നിലവില്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും മറ്റ് സൗകര്യങ്ങളുമുള്ള ഒരു വലിയ ഗ്രൗണ്ട് പോട്ട പനമ്പിള്ളി കോളജിനോട് ചേര്‍ന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.