പരസ്യ ബോര്‍ഡുകള്‍ നീക്കിയില്ല; പൊലീസ് പ്രഖ്യാപനം വെറുതെയായി

പാവറട്ടി: ടൗണില്‍ രാഷ്ട്രീയ സംഘടനകളുടെ പരസ്യ ബോര്‍ഡുകള്‍ക്കും കൊടി തോരണങ്ങളും നീക്കം ചെയ്യുമെന്ന പൊലീസ് പ്രഖ്യാപനം ഒരാഴ്ച കഴിഞ്ഞിട്ടും നടപ്പായില്ല. റോഡരികിലും വൈദ്യുതി തൂണുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള പരസ്യവും ഫ്ളക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും രണ്ടുദിവസത്തിനുള്ളില്‍ എടുത്തുമാറ്റുമെന്ന പ്രഖ്യാപനം ഇതോടെ വെറുംവാക്കായി. ഒരു ബോര്‍ഡുപോലും എടുത്തുമാറ്റുകയോ അതിന് പൊലീസ് നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, സെപ്റ്റംബര്‍ രണ്ടിന് നടക്കാന്‍ പോകുന്ന ദേശീയ പണിമുടക്കിന്‍െറ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും പാവറട്ടി സെന്‍ററില്‍ ഉയര്‍ന്നു. ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം പാവറട്ടി എസ്.ഐയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിപാടിയുടെ ഏഴ് ദിവസം മുമ്പ് മാത്രമെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും സിറ്റി പൊലീസ് കമീഷണര്‍ നിര്‍ദേശിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പാവറട്ടി വിളക്കാട്ടു പാടത്ത് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സമര പ്രചാരണ ബോര്‍ഡുകളും കൊടികളും നശിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് എസ്.ഐ എസ്. അരുണിന്‍െറ നേതൃത്വത്തില്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്. മേഖലയുടെ സമാധാന അന്തരീക്ഷം തകരാതിരിക്കാനാണ് പരസ്യ ബോര്‍ഡുകള്‍ നീക്കംചെയ്യാന്‍ തീരുമാനമെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.