ഇനി എളുപ്പം വോട്ട് ചെയ്യാം; പാവറട്ടിയില്‍ മോക് പോള്‍ വിജയം

പാവറട്ടി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി പാവറട്ടിയില്‍ മോക് പോള്‍ നടത്തി. പാവറട്ടി വെസ്റ്റ് സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പ്രത്യേകം സജ്ജമാക്കിയിടത്താണ് മോക് പോള്‍ അവതരിപ്പിച്ചത്. കലക്ടര്‍ ഇന്‍ ചാര്‍ജ് എ.ഡി.എം സി.കെ. അന്തകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആദ്യം ഗ്രാമപഞ്ചായത്തും രണ്ടാമത് ബ്ളോക് പഞ്ചായത്തും മൂന്നാമത് ജില്ലാ പഞ്ചായത്തിലേക്കും വോട്ട് രേഖപ്പെടുത്തുന്ന ക്രമത്തിലാണ് യന്ത്രങ്ങള്‍ സജ്ജീകരിച്ചത്. ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയാല്‍ പച്ച നിറത്തിലുള്ള ലൈറ്റ് തെളിയും ഒപ്പം ബീപ് ശബ്ദവും പുറപ്പെടുവിക്കും. വ്യാഴാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് 2.30 വരെ നടത്തിയ പരിപാടിയില്‍ 500 ലധികം പേര്‍ മോക് പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.യു. ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ട് കെ. കൃഷ്ണകുമാര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതിനിധികളായ ലോ ഓഫിസര്‍ പി.ഒ. ജോസ്, പി.ആര്‍.ഒ കെ. സന്തോഷ്കുമാര്‍, അസി. സെക്ഷന്‍ ഓഫിസര്‍ വിഷ്ണു മോഹന്‍ദാസ്, തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ കെ.എം. മനോജ്കുമാര്‍, എം. സന്തോഷ്കുമാര്‍, കെ. നാരായണന്‍കുട്ടി, കെ.എസ്. ഷനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബ്ളോക് പഞ്ചായത്ത് സെക്രട്ടറി വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.