മല്ലപ്പള്ളി: കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നൽകിയ പരാതിയിൽ പട്ടികജാതിക്കാരനായ യുവാവിനു പൊലീസ് മർദനം. മർദനത്തിൽ യുവാവിൻെറ കർണപുടം തകർന്നു. കുളത്തൂർ പുതുപറമ്പിൽ വീട്ടിൽ വി.കെ. രാജനാണ് (39) മർദനമേറ്റത്. പെരുമ്പെട്ടി സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ കവിരാജ് മർദിച്ചതായാണ് പരാതി. ഞായറാഴ്ച രാവിലെ 11ന് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ഭാര്യയുടെയും മക്കളുടെയും മുന്നിൽെവച്ച് ഇൻസ്പെക്ടർ രാജൻെറ ചെവിക്കല്ലിന് അടിക്കുകയും ചെയ്തത്രേ. മൂന്ന് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തിയ ശേഷം പറഞ്ഞുവിട്ടു. പിറ്റേദിവസം രാവിലെ അസ്വസ്ഥത അനുഭവപ്പെടുകയും ചെവിയിൽകൂടി രക്തം വരുകയും ചെയ്തു. വേദനയും കേൾവിക്കുറവും ഉണ്ടായതോടെ മല്ലപ്പള്ളി താലൂക്ക്ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധയിലാണ് ചെവിയുടെ കർപുടത്തിനു തകരാറുള്ളതായി കണ്ടെത്തിയത്. രാജൻ ഇപ്പോൾ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, ഭാര്യ പരാതി നൽകിയതിനെ തുടർന്ന് രാജനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വീണ്ടും വഴക്ക് ഉണ്ടാക്കാതിരിക്കാൻ പേടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്ന് ഭാര്യ മൊഴി നൽകിയിട്ടുണ്ടെന്നും എസ്.ഐ കവിരാജ് പറഞ്ഞു. യൂ.ഡി.എഫ് പ്രവർത്തകനാണ് രാജൻ. രാജനെ പൊലീസ് മർദിച്ചതിൽ വിവിധ ദലിത് സംഘടനകളും കോട്ടാങ്ങലിൽ ചേർന്ന യു.ഡി.എഫ് യോഗവും പ്രതിഷേധിച്ചു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. യു.ഡി.എഫ് കോട്ടാങ്ങൽ മണ്ഡലം കൺവീനർ ഒ.എൻ. സോമശേഖരപ്പണിക്കർ, ചെയർമാൻ സക്കീർ ഹുസൈൻ, വിവിധ കക്ഷി നേതാക്കളായ ജി. സതീശ് ബാബു, പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ദേവരാജൻ, ജോസഫ് ജോൺ, എ.ജി. സദാശിവൻ, വി.ജെ. വർഗീസ്, സാബു മരുതേൻകുന്നേൽ, കെ.എം.എം. സലിം, ഫ്രാൻസിസ് തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.