റോഡുകൾ തകർന്നു: ഗതാഗതക്കുരുക്ക്​, ബസുകൾ കുറവ്​

തിരുവല്ല: നഗരത്തിലെ ഗതാഗതക്കുരുക്കും കെ.എസ്.ആർ.ടി.സി ബസുകളുടെ കുറവും പുതിയ സമയക്രമീകരണവും യാത്രക്കാരെ വലക്കുന ്നു. പ്രളയത്തെ തുടർന്നുണ്ടായ റോഡ് തകർച്ചയാണ് ഗതാഗതക്കുരുക്കിന് കാരണം. പലഭാഗങ്ങളില്‍നിന്ന് എത്തുന്ന ബസുകളും മറ്റു വാഹനങ്ങളും നഗരത്തിലെത്തിയാല്‍ പുറത്തുകടക്കാനാവാതെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ജോലിക്കാരും വിദ്യാർഥികളും സമയത്തിനെത്താനാകാതെ വിഷമിക്കുന്നു. എം.സി റോഡ്‌ ഉള്‍പ്പെടെ പാതകളിലൂടെ ദിവേസന വരുന്ന നൂറുകണക്കിന് കെ.എസ്.ആർ.ടി.സി ബസുകളാണ് കുരുക്കിലകപ്പെടുന്നത്. ഇതുകാരണം സമയക്ലിപ്തതയില്ലാതെയാണ് മിക്ക സർവിസും. ഇതിനിടെയാണ് ഒറ്റ ഡ്യൂട്ടിയെന്ന പരിഷ്കാരം. ബസ് കിട്ടാന്‍ ഏറെനേരം കാത്തുനില്‍ക്കണമെന്നതാണ് ഈ പരിഷ്കാരം മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രധാന ബുദ്ധിമുട്ട്. പുതിയ പരിഷ്കാരത്തില്‍ ബസ് സർവിസുകൾ തകിടംമറിഞ്ഞു. ഷെഡ്യൂളുകൾ കാര്യമായി കുറഞ്ഞു. ഓടുന്ന ബസുകളിൽ യാത്രക്കാരുടെ തിരക്കാണ്. ഡ്യൂട്ടി ഷെഡ്യൂൾ തുടങ്ങുന്നത് മിക്കവാറും ഉച്ചക്കാണ്. 1.30നും 2.30നും ഇടക്ക് 28 സർവിസുകളുടെ ഡ്രൈവറും കണ്ടക്ടറും മാറണം. ഓരോ സർവിസിനും ഇതിനായി കിട്ടുന്നത് 15 മിനിറ്റ് മാത്രം. പലപ്പോഴും ഒരു മണിക്കൂർ വരെ താമസിച്ചാണ് ബസ് എത്തുന്നത്. ഇതോടെ സർവിസ് തുടങ്ങാൻ താമസിക്കും. ഷെഡ്യൂൾ തുടങ്ങാൻ താമസിക്കുന്നതോടെ വൈകീട്ട് അവസാനിപ്പിക്കുന്നത് പാതിയിലാകും. കോട്ടയം വരെ പോയി വരേണ്ട സർവിസ് ചങ്ങനാശ്ശേരിയിലെത്തി മടങ്ങും. മിനിറ്റുകള്‍ ഇടവിട്ട് ബസ് പോയിരുന്ന പ്രധാന റൂട്ടുകളിൽ ഇപ്പോൾ അരമണിക്കൂറും ഒരു മണിക്കൂറും വരെ കാത്തിരിക്കണം. ഡിപ്പോയില്‍നിന്നുള്ള ഏക ദേശസാത്കൃത റൂട്ടായ ആലപ്പുഴയിലേക്ക് ബസിന് ഏറെനേരം കാത്തിരിക്കണം. തിരക്കുള്ള രാവിലെയും വൈകീട്ടും വഴിയോരത്തുനിന്ന്‍ യാത്രക്കാരുടെ ക്ഷമകെടും. എടത്വ, ഹരിപ്പാട്, തകഴി, അമ്പലപ്പുഴ, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറെ വലയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.