പത്തനംതിട്ട: ജില്ല പഞ്ചായത്ത് കൂടാതെ ജില്ലയിലെ രണ്ട് നഗരസഭകളുടെയും ഭരണം കൈവിട്ടുപോയ എൽ.ഡി.എഫിന് കൂടുതൽ ആഘാതമായത് പത്തനംതിട്ട നഗരസഭയിലെ പരാജയം. അടൂരിൽനിന്ന് വ്യത്യസ്തമായി പത്തനംതിട്ടയിൽ എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചിരുന്നതാണ്. അഡ്വ. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ മികച്ച ഭരണമാണ് പത്തനംതിട്ടയിൽ എൽ.ഡി.എഫ് കാഴ്ചവെച്ചത്.
സംസ്ഥാനതലത്തിൽ തന്നെ ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പത്തനംതിട്ടയിൽ തകർന്നുകിടന്ന സ്വകാര്യ ബസ്സ്റ്റാൻഡിന്റെ പുനർനിർമാണം അടക്കം നിരവധി വികസന പ്രവർത്തനങ്ങൾ ഭരണസമിതി നടത്തി. നഗരസൗന്ദര്യവത്കരണ പദ്ധതികളടക്കം രാഷ്ട്രീയത്തിനതീതമായ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതാണ്.
ഫണ്ട് വിനിയോഗത്തിലും നഗരസഭ വളരെ മുന്നിലായിരുന്നു. ക്ഷേപദ്ധതികളും വികസന പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിക്കാൻ നല്ല രീതിയിൽ തന്നെ പി.ആർ വർക്കും നടന്നിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ നഗര കേന്ദ്രത്തിലെ കലക്ടറേറ്റ്, ടൗൺ സ്ക്വയർ, തൈക്കാവ് വാർഡുകളിലടക്കം എൽ.ഡി.എഫ് തോൽവി ഏറ്റുവാങ്ങി. നഗരസഭയുടെ ഭരണമികവ് ഉയർത്തിക്കാട്ടുമ്പോൾ തന്നെ മന്ത്രിയും നഗരസഭ ഭരണസമിതിയും തമ്മിൽ ജനറൽ ആശുപത്രി വിഷയത്തിലടക്കം നിലനിന്ന ശീതസമരം ഒരു പരിധിവരെ തിരച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള ഭരണം എന്ന വിമർശനവും പ്രതിഛായക്ക് മങ്ങലേൽപിച്ചു. അബാൻ മേൽപാലം നിർമാണം ഇഴഞ്ഞുനീങ്ങുന്നത് മൂലം വ്യാപാരി സമൂഹവും കടുത്ത പ്രതിഷേധത്തിലായിരുന്നു. നഗരസഭ ജനപ്രിയ പദ്ധതികൾ നടപ്പാക്കി മുന്നേറുമ്പോൾ തന്നെ ഭരണത്തോട് ചേർന്ന് നിന്ന് ഒരു വിഭാഗത്തിന്റെ പണപ്പിരിവ് അടക്കം വഴിവിട്ട പ്രവർത്തനങ്ങളും വലിയ അവമതിപ്പ് ഉളവാക്കിയിരുന്നു. ചില വാർഡുകളിൽ പാർട്ടി താൽപര്യത്തിനുപരി നേതാക്കളുടെ വ്യക്തി താൽപര്യത്തിനനുസരിച്ച് സ്ഥാനാർഥികളെ തീരുമാനിച്ചതും കാരണമായി.
എന്നാൽ, ഇതിനെക്കെ ഉപരിയായി ശബരിമല സ്വർണക്കൊള്ള വിഷയത്തിലടക്കം സർക്കാറും സി.പി.എമ്മും നേരിടുന്ന വിമർശനവും ജനവികാരം വലിയ തോതിൽ എതിരാകാൻ കാരണമായിട്ടുണ്ടെന്ന് തന്നെയാണ് വിലയിരുത്തൽ. സ്വർണക്കൊള്ള വിഷയത്തിൽ ജില്ലയിലെ പ്രമുഖ നേതാവായിരുന്ന എ. പത്മകുമാർ അറസ്റ്റിലായി ജയിലിൽ കഴിയുന്നത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ തോതിൽ തന്നെ പ്രചാരണ ആയുധമാക്കിയിരുന്നു. എങ്കിലും നഗരസഭയിൽ പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും എൽ.ഡി.എഫ് തന്നെയാണ് മുന്നിൽനിന്നത്. എന്നാൽ, ഫലം വന്നപ്പോൾ ഭരണം കൈവിട്ടുപോയി. ഇതിനിടെ പന്തളത്ത് ബി.ജെ.പിയിൽനിന്ന് ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞതാണ് ഇടതുമുന്നണിക്ക് വലിയ ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.