പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള പ്രധാന ചർച്ചയായ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ യു.ഡി.എഫിന്‍റെ വമ്പൻ തിരിച്ചുവരവ്. കഴിഞ്ഞ തവണ ഭരിച്ച ജില്ല പഞ്ചായത്തടക്കം ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും എൽ.ഡി.എഫിനെ കൈവിട്ടു. 12 സീറ്റുകൾ നേടി ജില്ല പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചപ്പോൾ, എൽ.ഡി.എഫ് അഞ്ച് സീറ്റിൽ ഒതുങ്ങി.
ആകെയുള്ള എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്തും യു.ഡി.എഫ് മുന്നിലെത്തി. 14 സീറ്റുകളുള്ള കോന്നി ബ്ലോക്കിൽ യു.ഡി.എഫും എൽ.ഡി.എഫും ഏഴ് സീറ്റുകൾ വീതം നേടി തുല്യത പാലിച്ചു. ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നിടത്ത് യു.ഡി.എഫാണ് മുന്നിൽ. അടൂരും പത്തനംതിട്ടയും എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്ത ഇവർ തിരുവല്ല നഗരസഭ നിലനിർത്തുകയും ചെയ്തു.
തെക്കൻ കേരളത്തിൽ ഭരണത്തിലുണ്ടായിരുന്ന ഏക നഗരസഭയായിരുന്ന പന്തളം എൻ.ഡി.എയെ കൈവിട്ടു. ഇവിടെ എൽ.ഡി.എഫാണ് വലിയ ഒറ്റകക്ഷി. യു.ഡി.എഫ് രണ്ടാംസ്ഥാനത്തത്തിയപ്പോൾ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി മൂന്നാംസ്ഥാനത്തായി.
ഗ്രാമപഞ്ചായത്തുകളിൽ 34 ഇടത്ത് യു.ഡി.എഫ് മുന്നിലെത്തി. 11പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. നാല് പഞ്ചായത്തുകൾ എൻ.ഡി.എയും നേടി. നാല് പഞ്ചായത്തുകളിൽ ഫലം സമനിലയിലാണ്. കവിയൂർ( എൽ.ഡി.എഫ്-5, എൻ.ഡി.എ-5), നാരങ്ങാനം(യു.ഡി.എഫ്-6, എൻ.ഡി.എ-6), നെടുമ്പ്രം(എൽ.ഡി.എഫ്-6, എൻ.ഡി.എ-6), നിരണം(യു.ഡി.എഫ്-6, എൽ.ഡി.എഫ്-6) എന്നിവയാണ് കക്ഷിനില തുല്യമായ പഞ്ചായത്തുകൾ.
കഴിഞ്ഞ തവണ മൂന്ന് പഞ്ചായത്തുകളിലായിരുന്നു എൻ.ഡി.എക്ക് ഭരണം. ഇത്തവണ ഇവയെല്ലാം നഷ്ടമായെങ്കിലും പുതിയതായി നാലു പഞ്ചായത്തുകളിൽ ഇവർ മുന്നിലെത്തി. സി.പി.ഐയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന് മത്സരിച്ച സിറ്റിങ് അംഗമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ പള്ളിക്കൽ ജില്ല പഞ്ചായത്ത് ഡിവിഷനിൽ വിജയിച്ചത് ഇടത് കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. റീ കൗണ്ടിങ്ങിലൂടെയായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.