പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചിരിക്കെ വിജയാഘോഷ റാലിയിൽനിന്നും തനിക്ക് ലഭിച്ച നോട്ട് മാലകൾ കിടപ്പുരോഗിയുടെ വീട്ടിലെത്തി നൽകി യു.ഡി.എഫ് സ്ഥനാർഥി. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ നിന്നാണ് ഈ സന്തോഷക്കാഴ്ച.
വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി അൻസാർ മുഹമ്മദാണ് നോട്ട് മാലകൾ കിടപ്പുരോഗിക്ക് സമ്മാനിച്ചത്. എനിക്ക് ലഭിച്ച ഈ നോട്ട് മാലകൾ എന്‍റെ കുഞ്ഞനുജൻ അബുവിനാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു.
മലപ്പുറം: താൻ തോൽപ്പിച്ച സ്ഥാനാർഥിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിജയിച്ച സ്ഥാനാർഥിയുടെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് 18-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഫൈസൽ കുഴിമണ്ണിൽ വെൽഫയർ പാർട്ടി സ്ഥാനാർഥി വി.കെ ആലംഗീറിനെ കെട്ടിപിടിച്ചാണ് കരഞ്ഞത്.
നേരത്തെ മുതൽ സുഹൃത്തുക്കളാണ് ഇരുവരും. അഞ്ച് വോട്ടിനാണ് ഫൈസൽ ആലംഗീറിനെ പരാജയപ്പെടുത്തിയത്.
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് നിലയനുസരിച്ച് പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ച് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിന് മേൽക്കൈ. കോന്നി, ആറന്മുള, അടൂർ, തിരുവല്ല, റാന്നി എന്നിവയാണ് ജില്ലയിലെ നിയമസഭ മണ്ഡലങ്ങൾ. ഇവയെല്ലാം നിലവിൽ എൽ.ഡി.എഫിനൊപ്പമാണ്.
കോന്നി മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ ഏഴിടത്തും യു.ഡി.എഫിനാണ് ഭൂരിപക്ഷം. മന്ത്രി വീണ ജോർജിന്‍റെ മണ്ഡലമായ ആറന്മുളയിലെ 10 പഞ്ചായത്തുകളിൽ കുളനട മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. പത്തനംതിട്ടയിൽ നഗരസഭ അടക്കം പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫാണ് മുന്നിൽ. ഓമല്ലുരിൽ ബി.ജെ.പിയാണ് വലിയ ഒറ്റക്കക്ഷി. നാരങ്ങാനത്ത് സമനില.
അടൂരിൽ നാല് പഞ്ചായത്തും അടൂർ നഗരസഭയും യു.ഡി.എഫിനൊപ്പം നിന്നു. പന്തളം നഗരസഭയിൽ എൽ.ഡി.എഫ് മുന്നിലെത്തിയപ്പോൾ പന്തളം തെക്കേക്കര പഞ്ചായത്തിൽ ബി.ജെ.പിക്കാണ് ഭരണം. തിരുവല്ലയിൽ 11 പഞ്ചായത്തും ഒരു നഗരസഭയുമാണുള്ളത്. ഇതിൽ നഗരസഭ അടക്കം ഏഴിടത്ത് യു.ഡി.എഫിനാണ് ഭൂരിപക്ഷം. റാന്നിയിലെ 12 പഞ്ചായത്തുകളിൽ നാലിടത്ത് മാത്രമാണ് ഇടതുപക്ഷം മുന്നിലെത്തിയത്. ഒരിടത്ത് ബി.ജെ.പിയാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.