പമ്പ മുതല്‍ സന്നിധാനംവരെ സ്ഥിരം തെരുവുവിളക്ക് സ്ഥാപിക്കും

പത്തനംതിട്ട: പമ്പയിലും സന്നിധാനത്തും സ്ഥിരം തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് നടപടി തുടങ്ങി. ശബരിമല മണ്ഡല കാലത്തിന് മുന്നോടിയായി കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നതും പരിഗണിക്കും. മരത്തില്‍ താല്‍ക്കാലികമായി വിളക്കുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കും. വനംവകുപ്പിന്‍െറ അനുമതി ലഭിച്ചാല്‍ ചക്കുവള്ളി ഒന്ന്, രണ്ടു മേഖലകളിലെ പാര്‍ക്കിങ് സ്ഥലത്തും സ്ഥിരം ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ തുക കെ.എസ്. ഇ.ബി തന്നെ കണ്ടത്തെും. വൈദ്യുതി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാനായി സന്നിധാനത്ത് ഏരിയല്‍ ബെഞ്ച് കേബ്ളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗം നേതൃത്വത്തില്‍ 20ന് പത്തനംതിട്ടയില്‍നിന്ന് പമ്പയിലേക്ക് സുരക്ഷായാത്ര നടത്തും. റോഡരികില്‍ മരങ്ങളും ശിഖരങ്ങളും അപകടാവസ്ഥയിലുണ്ടോയെന്ന് യാത്രയില്‍ പരിശോധിക്കും. ദുരന്തനിവാരണ യൂനിറ്റിന്‍െറ എമര്‍ജന്‍സി ഓപറേഷന്‍ കേന്ദ്രം നവംബര്‍ 15 മുതല്‍ 2016 ജനുവരി 20വരെ ശബരിമലയില്‍ പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ ദുരന്ത നിവാരണം സംബന്ധിച്ച് പ്രത്യേക സംഘം പഠനം നടത്തും. ഫയര്‍ഫോഴ്സ് നേതൃത്വത്തില്‍ അഞ്ചംഗ സംഘം ശബരിമലയിലെ അപകട മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ബി.എസ്.എന്‍.എല്‍ സാധാരണയുള്ള ഒരു ടവറിന് പുറമെ പുതിയ രണ്ടു താല്‍ക്കാലിക ടവര്‍ സംവിധാനം ഒരുക്കാമെന്ന് യോഗത്തില്‍ അറിയിച്ചു. വനംവകുപ്പിന്‍െറ അനുമതി ലഭിക്കുന്ന മുറക്ക് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗം നേതൃത്വത്തില്‍ പത്തനംതിട്ട, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പരിശോധന ലാബുകള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്തും പമ്പയിലുമുള്ള ഭക്ഷണകേന്ദ്രങ്ങളിലുള്ളവര്‍ക്ക് ഭക്ഷ്യസുരക്ഷയെക്കുറിച്ച് പരിശീലനം നല്‍കാനും തീരുമാനിച്ചു. വനംവകുപ്പിന്‍െറ റാപിഡ് ആക്ഷന്‍ ടീം ഇത്തവണ പ്രവര്‍ത്തിക്കും. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കും. തങ്കഅങ്കി ഘോഷയാത്രയെ അനുഗമിക്കുന്ന പൊലീസുകാര്‍ക്ക് താമസത്തിനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ ആവശ്യപ്പെട്ടു. ഈ മാസം 13 മുതല്‍ അരവണ നിര്‍മാണം ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പാര്‍ക്കിങ്ങിന് കൂപ്പണുകള്‍ക്ക് പകരം സ്റ്റിക്കര്‍ ഉപയോഗിക്കുന്നത് പരിഗണിക്കും. കടവുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി ഇറിഗേഷന്‍ വകുപ്പ് സ്വീകരിക്കും. നവംബര്‍ 11 മുതല്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് ആരംഭിക്കും. പമ്പ നിലക്കല്‍ റൂട്ടില്‍ 100 ബസുകള്‍ ചെയിന്‍ സര്‍വിസ് നടത്തും. എക്സൈസ് വകുപ്പ് വനമേഖലകളില്‍ റെയ്ഡുകള്‍ നടത്തുകയും പന്തളത്ത് പിക്കറ്റ് ഏര്‍പ്പെടുത്തുകയും ചെയ്യും. സന്നിധാനത്തെ സീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചില്ളെങ്കില്‍ പകരം സംവിധാനം ഒരുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചു. ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. പഞ്ചായത്തുകള്‍ ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ യോഗം വിളിക്കും.
Tags:    
News Summary - Pampa to set up a permanent lamppost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.