പത്തനംതിട്ട: ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടത്തുന്ന ‘ജലസുഭിക്ഷ’ കിണർ റീചാർജിങ് പദ്ധതിയിൽ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ കിണറുടെ സർവേ 15നകം പൂർത്തിയാക്കാൻ വീണ ജോർജ് എം.എൽ.എ നിർദേശിച്ചു. ഗ്രാമപഞ്ചായത്ത് ഓഫിസിൽ എം.എൽ.എയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് രമ ഭാസ്കർ അധ്യക്ഷത വഹിച്ചു. സർവേ പൂർത്തിയാക്കിയ പ്രദേശങ്ങളിലെ കിണറുകൾ റീചാർജ് ചെയ്യുന്നതിനുള്ള സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചതായും അടുത്ത കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കുമെന്നും വൈസ് പ്രസിഡൻറ് പറഞ്ഞു. ഗ്രാമപഞ്ചായത്തിൽ നടത്തിയ തൊഴിലുറപ്പ് പദ്ധതി, ഇന്ദിര ഭവനനിർമാണ പദ്ധതി എന്നിവയുടെ പ്രവർത്തനങ്ങൾ ദാരിദ്യ്രലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.ജി. രാജൻ ബാബു വിശദീകരിച്ചു. ഗ്രാമപഞ്ചായത്തിലെ മറ്റു തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളും അവലോകനം ചെയ്തു. അടുത്ത സാമ്പത്തികവർഷം കൂടുതൽ ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കാനും 400 തൊഴിലാളികൾക്ക് 150 ദിവസം പ്രവൃത്തി ഉറപ്പുവരുത്താനും തീരുമാനിച്ചു. ഇന്ദിര ഭവന നിർമാണ പദ്ധതി പ്രകാരം ആരംഭിച്ച് പൂർത്തീകരിക്കാത്ത വീടുകളുടെ ഗുണഭോക്താക്കളുമായി എം.എൽ.എ ചർച്ചനടത്തി. വിവിധ പദ്ധതികളിൽ ആരംഭിച്ച പൂർത്തീകരിക്കാത്ത വീടുകൾ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ നിർദേശിച്ചു. ജില്ലയിലെ എം.എൽ.എമാർ തെരഞ്ഞെടുത്ത കല്ലൂപ്പാറ, വെച്ചൂച്ചിറ, വള്ളിക്കോട്, തുമ്പമൺ ഗ്രാമപഞ്ചായത്തുകളിൽ കിണർ റീചാർജിങ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കുന്നന്താനം, കോട്ടാങ്ങൽ, കൊറ്റനാട്, മെഴുവേലി, പ്രമാടം, വടശേരിക്കര, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളും കിണർ റീചാർജിങ് പ്രവൃത്തി ഏറ്റെടുത്തിട്ടുണ്ട്. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യൻ, ബി.ഡി.ഒ ടി.കെ. പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.