വടശ്ശേരിക്കര: കക്കാട്ടാറിെൻറ തീരത്തെ ജനം കുടിവെള്ള സ്രോതസ്സുകൾ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പിെൻറ മുന്നറിയിപ്പ്. കക്കാട്ടാറ്റിലെ പെരുനാട്, കാരികയം സ്വകാര്യ ജലവൈദ്യുതി പദ്ധതിയുടെ കാച്ച്മെൻറ് ഏരിയയിലുള്ള ജനങ്ങൾക്കാണ് നദീജലം കയറുന്ന കുടിവെള്ള സ്രോതസ്സുകളും കിണറുകളും ഉപയോഗിക്കരുതെന്ന് പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കാരികയം പദ്ധതിയിലെ ജലസംഭരണി നിറഞ്ഞുകവിഞ്ഞ് കക്കാട്ടാറിെൻറ ഇരുകരയിലുമുള്ള കൃഷിയിടത്തിലും കുടിവെള്ള സ്രോതസ്സുകളിലും നദീജലം കയറിയിരുന്നു. ഇതേതുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ആറ്റുവെള്ളം കയറിയ കിണറുകളിലും ഓലികളിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ബാക്ടീരിയകൾ ഉള്ളതായി കണ്ടെത്തിയത്. ഇതിനെത്തുടർന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്. കൂടുതൽ പരിശോധനക്കായി ജലസാമ്പിൾ പത്തനംതിട്ടയിലെ ഭക്ഷ്യപരിശോധന ലാബിലേക്ക് അയച്ചിരിക്കുകയാണ്. പെരുനാട് കരയിലെ മണക്കയത്താണ് പരിശോധന നടത്തിയത്. ഇതിനു പിന്നാലെ നദിയുടെ മറുകരയായ ചിറ്റാർ മേഖലയിലും ആരോഗ്യവകുപ്പ് അധികൃതർ സമാനമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിശദ പരിശോധനയിൽ നദീജലം മലിനപ്പെട്ടതായി സ്ഥിരീകരിക്കുന്ന പക്ഷം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വലിയതോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് തെളിയുന്നത്. കാരികയത്തുനിന്ന് എട്ടു കിലോമീറ്റർ താഴെ കക്കാട്ടാർ പമ്പ നദിയിൽ ചേരുന്നുണ്ട്. കൂടാതെ തൊട്ടുതാഴെ മണിയാർ ജലസംഭരണിയിൽനിന്ന് പമ്പ ജലസേചന പദ്ധതി വഴി ഇതേവെള്ളം കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശംവരെയും മാന്നാർ ഉൾപ്പെടെയുള്ള കാർഷിക മേഖലവരെയും ഒഴുകിയെത്തുന്നുണ്ട്. പല സ്ഥലങ്ങളിലും ഈ കനാൽ ജലമാണ് കുടിവെള്ളമായി ജനം ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.