അടൂർ: പള്ളിക്കൽ ആറിെൻറ തീരങ്ങളിലെ കൈയേറ്റങ്ങൾ സർവേ ചെയ്ത് ഒഴിപ്പിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. നവകേരള മിഷെൻറ ഭാഗമായ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിക്കൽ ആറിെൻറ പുനരുജ്ജീവനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തെങ്ങമം മണമ്പുറത്ത് ചേർന്ന ജനകീയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ജലസേചന വകുപ്പ് തന്നെ പല സ്ഥലങ്ങളിലും കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ആറിെൻറ വശങ്ങൾ കെട്ടിനൽകിയിട്ടുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഒരു കാലത്ത് പലസ്ഥലങ്ങളിലും 20 മീറ്റർ വരെ വീതിയുണ്ടായിരുന്ന ആറിന് ഇപ്പോൾ പലയിടത്തും ഏതാനും മീറ്റർ വീതി മാത്രമാണുള്ളത്. മറ്റൊരു വലിയ പ്രശ്നം ആറിെൻറ മലിനീകരണമാണ്. ഹോട്ടലുകളിലെയും റസ്റ്റാറൻറുകളിലെയും വീടുകളിലെയും മലിനജലം പള്ളിക്കൽ ആറിലേക്ക് ഒഴുക്കിവിടുന്നു. ശുചിത്വ മിഷൻ സഹായത്തോടെ മാലിന്യം സംസ്കരിക്കുന്നതിന് ഹോട്ടലുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും സഹായം നൽകുന്നതോടൊപ്പം ജനങ്ങളുടെ ഇടയിൽ ഇതു സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം അവിടെത്തന്നെ ഉൗർന്നിറങ്ങാൻ അവസരമുണ്ടാക്കിയാൽ മാത്രമേ വേനൽകാലത്തും നദികളിൽ ജലസമൃദ്ധിയുണ്ടാകൂ. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മണ്ണൊലിപ്പ് തടയുന്നതിനു കയർ ഭൂവസ്ത്രം വിരിക്കുന്നതിനുള്ള നടപടിയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ഒരുവശത്ത് പണം മുടക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ മറുവശത്ത് ജനങ്ങളെ അണിനിരത്തിയുള്ള ഹരിതകേരളം പോലെയുള്ള പദ്ധതികളിലൂടെ നഷ്ടപ്പെട്ട പ്രകൃതി വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. കേരളത്തിെൻറ പലഭാഗങ്ങളും മരുഭൂമിയാകുന്നതിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്ന കാലഘട്ടത്തിൽ മരങ്ങൾ െവച്ചുപിടിപ്പിച്ചും ജലസംരക്ഷണം ഉറപ്പാക്കിയും സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിർത്താനുള്ള സർക്കാറിെൻറ യത്നങ്ങളിൽ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. പള്ളിക്കൽ ആറിെൻറ സംരക്ഷണം സംബന്ധിച്ച് പ്രദേശവാസികളിലും വിദ്യാർഥികളിലും അവബോധം ഉണ്ടാക്കുന്നതിനു ബോധവത്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി വിവിധ സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് പള്ളിക്കൽ ആറിെൻറ സംരക്ഷണവുമായി ബന്ധപ്പെട്ട മെഗ ക്വിസ് മത്സരം നടത്താനും മന്ത്രി നിർദേശിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അനു എസ്. നായർ, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ, ശിവശങ്കരപ്പിള്ള, ഡോ. പി.കെ. ഗോപൻ, പി.ബി. ഹർഷകുമാർ, ഷൈനി ജോസ്, സൗദാരാജൻ, എസ്. രാധാകൃഷ്ണൻ, ടി. മുരുകേഷ്, ബി. സതികുമാരി, ജി. പ്രസന്നകുമാരി, വിജു രാധാകൃഷ്ണൻ, അജീഷ് കുമാർ, അടൂർ ആർ.ഡി.ഒ ആർ. രഘു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.