പന്തളം: പന്തളത്തെത്തുന്ന തീർഥാടകരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നു. അയ്യപ്പന്മാർക്ക് സൗകര്യമൊരുക്കുന്നതിനായി തീർഥാടക സമുച്ചയത്തിെൻറ നിർമാണം തുടങ്ങി. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തോടു ചേർന്ന് ദേവസ്വം ബോർഡ് വാങ്ങിയ ഭൂമിയിലാണ് നിർമാണം. കഴിഞ്ഞ സീസണു മുമ്പ് പണി പൂർത്തിയാക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും സാധിച്ചില്ല. പണിക്കുള്ള അനുമതി കോടതിയിൽനിന്ന് കിട്ടാനായി കാത്തിരിക്കുകയായിരുന്നു ബോർഡ്. താഴത്തെ നിലയിൽ പാർക്കിങ് സംവിധാനം, അതിനു മുകളിലെ നിലയിൽ ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് പണിയാൻ തീരുമാനിച്ചിട്ടുള്ളത്. അഞ്ചുകോടി ഇതിനായി ചെലവഴിക്കും. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച അടിസ്ഥാന സൗകര്യമാണ് പന്തളത്ത് തീർഥാടകർക്ക് ഉണ്ടായിരുന്നത്. പാർക്കിങ്ങിനായിരുന്നു തീർഥാടകർ ഏറെ ബുദ്ധിമുട്ടിയിരുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ തീർഥാടകരെ കൊള്ളനടത്തുന്ന ഫീസാണ് പാർക്കിങ്ങിനായി വാങ്ങിയിരുന്നത്. ആദ്യഘട്ടമായ പൈലിങ് ജോലികൾക്ക് തുടക്കമായി. വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലെ തീർഥാടന വികസനപ്രവർത്തനങ്ങൾക്കായി ദേവസ്വം ബോർഡ് നാലുകോടി കൂടി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിെൻറ നവീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് തുക വിനിയോഗിക്കുന്നത്. ആദ്യം അനുവദിച്ച അഞ്ചുകോടി കൂടാതെയാണ് നാലുകോടി അനുവദിച്ചത്. എന്തൊക്കെ വികസന പ്രവൃത്തികൾ ചെയ്യണമെന്ന് ആലോചിച്ചശേഷം പദ്ധതി തയാറാക്കുമെന്ന് ബോർഡ് അംഗം കെ. രാഘവൻ പറഞ്ഞു. ശബരിമല നട തുറന്നാൽ പന്തളത്തെത്തുന്നത് ലക്ഷക്കണക്കിനു തീർഥാടകരാണ്. അയ്യപ്പൻ ബാല്യകാലം ചെലവഴിച്ച സ്ഥലമെന്ന് കീർത്തിയുള്ളതും ശബരിമലയുടെ മൂലസ്ഥാനമായി അറിയപ്പെടുന്നതുമായ പ്രദേശമാണ് പന്തളം. മറുനാട്ടുകാരായ തീർഥാടകരാണ് ഇവിടെ ദർശനത്തിൽ എത്തുന്നവരിൽ അധികവും. എന്നാൽ, ആവശ്യത്തിനുള്ള സൗകര്യം ഇവിടെയില്ല. കുളിക്കാനും ആഹാരം കഴിക്കാനും വിരിവെക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും മെല്ലാം തീർഥാടകർ വളരെ ബുദ്ധിമുട്ടുന്നുണ്ട്. വാഹനങ്ങൾ എം.സി റോഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.