പന്തളം: ശുദ്ധജലത്തിനായി ഇലവുംതിട്ട മേഖലയിൽ ജനം നെട്ടോട്ടത്തിൽ. ശുദ്ധജലം വിതരണം കാര്യക്ഷമമാകുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നതായി പരാതി. ചെന്നീർക്കര, കുളനട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷം. ചെന്നീർക്കര പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. മുട്ടുകുടുക്ക, പുല്ലാമല, മുട്ടത്തുകോണം, പമ്പമല, ഗവ. ഹൈസ്കൂൾ പരിസരം, ഐ.ടി.ഐ എന്നിവിടങ്ങളിലും കുളനട പഞ്ചായത്തിലെ പാണിൽ, ലക്ഷംവീട് കോളനി, വട്ടവിള, കരുട്ടുകുന്ന്, ചുട്ടിപ്പാറഭാഗം, മണത്തറ, കുരുട്ടുമോടി, ചരിവ്, വടക്കേക്കരയ്യത്ത് മുകൾഭാഗം, പുന്നക്കുന്ന്, ആൽത്തറപാട്, പാറയിൽപടി, പൂക്കൈത, രാമൻചിറ, പുതുവാക്കൽ, കരിമല, വട്ടയ്യത്തട്ട, കക്കുന്നിൽ, വെട്ടിക്കുന്ന് എന്നീ ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടിയൊഴുകുന്നതും പതിവാണ്. അമ്പലക്കടവ്- മാത്തൂർ റോഡിൽ മുട്ടത്തുകോണം സെൻറ് മേരീസ് ഓർത്തഡോക്സ് കാദിശ്ത്ത പള്ളി കുരിശടിക്കു സമീപത്ത് ദിവസങ്ങളോളം പൈപ്പുപൊട്ടി റോഡിൽകൂടി ജലം ഒഴുകി നഷ്ടമാകുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോൾ പഴകിയ പൈപ്പാണ് അത് പൊട്ടി ഒഴുകുമെന്ന മറുപടിയാണ് ലഭിച്ചത്. പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കുമെന്ന് പറയാൻ തുടങ്ങിയിട്ടു മാസങ്ങൾ കഴിഞ്ഞു. ഇതുവരെയും പ്രവർത്തനം തുടങ്ങിയിട്ടില്ല. അടിയന്തരമായി ഈ പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ ജലം വിതരണം നടത്തണമെന്നാണ് ആവശ്യം. മുട്ടുക്കുടുക്ക തേപ്പുകലുങ്കൽ കോളനി നിവാസികൾ ജലത്തിനായി കിലോമീറ്റർ താണ്ടുകയാണ്. കുളനട പഞ്ചായത്തിലും ഇതുതന്നെ സ്ഥിതി. ആൽത്രപാട് കോളനിയിലെ ജനങ്ങൾ കുത്തനെയുള്ള കയറ്റം കയറി ശുദ്ധജലം ചുമന്നുകൊണ്ടുപോകുന്നത് ഏറെ കഷ്ടതകൾ സഹിച്ചാണ്. ഇവിടങ്ങളിലെ കുടിവെള്ള ടാപ്പുകളിൽനിന്ന് നൂറുകണക്കിന് കുടുംബങ്ങൾ ശുദ്ധജലം ശേഖരിക്കാൻ പാടുപെടുകയാണ്. ദിവസങ്ങൾ കാത്തിരുന്നാണ് പൈപ്പുകൾ വഴി ജലം ലഭിക്കുന്നത്. വഴി സൗകര്യമില്ലാത്ത വട്ടയ്യത്ത് കക്കുന്നിൽ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. പഞ്ചായത്തുകളിൽ ഒന്നോ രണ്ടോ കിയോസ്കുകൾ സ്ഥാപിച്ചാൽ ജലക്ഷാമം പരിഹരിക്കുന്നതിന് കഴിയുന്നില്ലെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.