കോന്നി: വി കോട്ടയം വിഷ്ണുഭവനത്തിൽ ജിനു-വിദ്യ ദമ്പതികളുടെ മകൻ ആദിദേവ് മുങ്ങിമരിച്ചതറിഞ്ഞ് ഗ്രാമം അക്ഷരാർഥത്തിൽ നടുങ്ങി. കുട്ടിയെ കാണാതാകുന്ന സമയം തോട്ടിൽ ശക്തമായ നീരൊഴുക്കുണ്ടായിരുന്നു. ശക്തമായ മഴ പെയ്താൽ തോട് കരകവിഞ്ഞ് വീടിെൻറ മുറ്റത്തുകൂടിയാണ് ഒഴുകുന്നത് . അതുകൊണ്ട് ഒരു ദുരന്തത്തിന് സാധ്യതയുള്ളതായി കാട്ടി ‘മാധ്യമം’ എട്ടുമാസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ബന്ധപ്പെട്ടവരാരും അന്ന് അത് മുഖവിലയ്ക്കെടുത്തില്ല. തോടിനോട് ചേർന്ന് മൂന്നു സെൻറ് സ്ഥലത്തെ വീട്ടിലാണ് ജിനു, വിദ്യ, വിദ്യയുടെ മാതാവ് ഷീജ, സഹോദരൻ വിഷ്ണു എന്നിവരടങ്ങുന്ന കുടുംബം താമസിക്കുന്നത്. വീടിെൻറ പുറത്ത് റോഡിലേക്ക് ഇറങ്ങണമെങ്കിൽ ശക്തമായ ഒഴുക്കിൽ തോട്ടിൽകൂടി വേണം കടന്നുപോകാൻ. ഇവരുടെ കൈവശമുണ്ടായിരുന്ന വസ്തുവകകൾ തൊട്ടടുത്ത് താമസിക്കുന്ന ബന്ധു കൈവശപ്പെടുത്തി വഴി കെട്ടിയടച്ചു. ഇതിനുശേഷം കരയോഗം വക സ്ഥലത്തുകൂടിയാണ് ഇവർ റോഡിലെത്തിയിരുന്നത്. എന്നാൽ, ഇടക്കാലത്ത് കരയോഗം ഈ സ്ഥലം കെട്ടിയടച്ചതോടെ ഈ സാധു കുടുംബത്തിെൻറ സഞ്ചാരസ്വാതന്ത്ര്യം പൂർണമായി തടസ്സപ്പെട്ടു. കാലവർഷം ശക്തമായതോടെ ഒരോ നിമിഷവും ഇവർ ദുരിതജീവിതം നയിച്ചുവരുമ്പോഴാണ് മുറ്റത്ത് ഓടിക്കളിച്ചിരുന്ന പൊന്നോമനയെ നഷ്ടമായത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലേക്ക് എത്തിച്ചേരാൻ നന്നേ പാടുപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.