പത്തനംതിട്ട: നാട്ടുകാരുടെ സമരത്തിനിടെ ഹോളോബ്രിക്സ് കമ്പനിയുടെ കെട്ടിടത്തിൽ മധുമലയിൽ ബിവറേജസ് മദ്യവിൽപനശാല തുറന്നു. ഇതേതുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാവിലെ 11 ഒാടെയാണ് ഇവിടെ കച്ചവടം ആരംഭിച്ചത്. ഇവിടേക്ക് മദ്യക്കുപ്പികൾ രഹസ്യമായി എത്തിച്ച് ബോർഡ് വെക്കാതെയാണ് കച്ചവടം തുടങ്ങിയത്. മദ്യവുമായി വന്ന ലോറി നാട്ടുകാർ തടഞ്ഞിട്ട് മുദ്രാവാക്യം വിളിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ആളുകൾ മദ്യം വാങ്ങി പുറത്തേക്കു വരുന്നത് കണ്ടു. ഇതുകണ്ട് പ്രകോപിതരായ സ്ത്രീകളടക്കമുള്ള സമരക്കാർ മഴ വകവെക്കാതെ വെട്ടിപ്രം-പൂക്കാട് റോഡ് ഉപരോധിച്ചു. കെട്ടിടത്തിെൻറ കവാടം നാട്ടുകാർ ഉപരോധിച്ചു. ഹോളോ ബ്രിക്സ് കമ്പനിയുടെ വാഹനം മാത്രമാണ് അകത്തേക്ക് കടത്തിവിട്ടത്. ഇതിൽ മദ്യക്കുപ്പികളുടെ പാക്കറ്റുകൾ രഹസ്യമായി എത്തിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയർന്നു. ഇത് നിയമവിരുദ്ധമാണെന്ന് സമരസമിതി ആരോപിച്ചു. സമീപത്തെ പറമ്പിലൂടെയെത്തിയാണ് ആളുകൾ മദ്യം വാങ്ങിക്കൊണ്ടുപോയത്. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എസ്. സിജു, ജയ്മോൻ, സീമസജി എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു. കലക്ടറെ വിവരമറിയിച്ചതിനെ തുടർന്ന് തഹസിൽദാർ സ്ഥലം സന്ദർശിച്ചു. ആറന്മുള എസ്.െഎയെത്തി സമരക്കാർ റോഡിൽനിന്ന് മാറണമെന്ന് ആവശ്യപ്പെട്ടത് വാക്കേറ്റമുണ്ടാക്കി. കഴിഞ്ഞ ദിവസം എക്സൈസ് കമീഷണറെ കണ്ട് പരാതി കൊടുത്തപ്പോൾ മധുമലയിൽ മദ്യവിൽപന കേന്ദ്രം തുറക്കില്ലെന്ന് ഉറപ്പുനൽകിയതാണെന്ന് പ്രതിഷേധ യോഗത്തിൽ എം.ബി. സത്യൻ പറഞ്ഞു. എം.കെ. ശ്രീലാൽ, കെ. ചക്രപാണി, ഫാ. സോജി വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.