പന്തളം: പദ്മരാജെൻറ കൃതികളും സിനിമകളും പുതുഭാവുകത്വത്തോടെ നിലനിൽക്കുന്നതാണെന്നും പുതിയ തലമുറ പഠനവിഷയമാക്കേണ്ടതാണെന്നും എഴുത്തുകാരൻ െബന്യാമിൻ പറഞ്ഞു. കുളനട വായനക്കൂട്ടം സംഘടിപ്പിച്ച പദ്മരാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലഘട്ടത്തിലെ എഴുത്തുകാരെ അറിയുക എന്നതാണ് സാഹിത്യത്തെ അറിയാനുള്ള എളുപ്പമാർഗമെന്നും അദ്ദേഹം പറഞ്ഞു. അസൂയാവഹമായ വിധത്തിൽ ദൃശ്യങ്ങൾ കഥകളിലും നോവലുകളിലും സിനിമകളിലും ആവിഷ്കരിച്ച അതുല്യ പ്രതിഭയാണ് പദ്മരാജൻ. എന്നാൽ, അദ്ദേഹത്തിലെ സാഹിത്യകാരനെ മലയാളികൾ വേണ്ടവിധം അംഗീകരിച്ചിട്ടില്ലെന്നും മുഖ്യ പ്രഭാഷകനായ നോവലിസ്റ്റ് കെ.കെ. സുധാകരൻ പറഞ്ഞു. അതിശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പദ്മരാജൻ കാണിച്ച ചങ്കൂറ്റവും പുതുമയും അദ്ഭുതാവഹമാണെന്ന് പദ്മരാജൻ കഥകളെ അധികരിച്ച് സംസാരിച്ച ഡോ. സജിത് ഏവൂരേത്ത് പറഞ്ഞു. കാഴ്ചകളിൽ കഥയും കഥകളിൽ കാഴ്ചയും നിറച്ചയാളായിരുന്നു പദ്മരാജനെന്ന് നോവലിസ്റ്റ് രവിവർമ തമ്പുരാൻ പറഞ്ഞു. പദ്മരാജൻ പുരസ്കാരം ലഭിച്ച കഥാകൃത്ത് ജി.ആർ. ഇന്ദുഗോപനെ ആദരിച്ചു. പ്രദീപ് പനങ്ങാട്, വായനക്കൂട്ടം കോഓഡിനേറ്റർമാരായ ജി. രഘുനാഥ്, സുരേഷ് പനങ്ങാട്, കണ്ണൻ വേട്ടമത്ത് എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ പാർവതിയെ അനുമോദിച്ചു. രാജേഷ് മേനോൻ സംവിധാനം ചെയ്ത കടൽക്കാറ്റിലൊരു ദൂത് എന്ന പദ്മരാജനെക്കുറിച്ച ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.