പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസും സിമൻറ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്. രണ്ട് വാഹനത്തിെൻറയും ൈഡ്രവർമാർ ഉൾപ്പെടെ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവർമാരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടി.കെ റോഡിൽ ചുരുളിക്കോട് ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. പത്തനംതിട്ടയിൽനിന്ന് ആലപ്പുഴക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് എതിരെവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിന് മുന്നിൽ പോയ കാർ പെട്ടെന്ന് വേഗത കുറച്ചപ്പോൾ ബസ് വെട്ടിച്ച് വലത്തോട്ട് തിരിച്ചപ്പോഴാണ് എതിരെവന്ന ലോറിയിൽ ഇടിച്ചത്. രണ്ട് വാഹനങ്ങളുടെയും മുൻവശം പൂർണമായി തകർന്നു. ബസ് ഡ്രൈവർ ആറന്മുള സ്വദേശി സന്തോഷിനും ലോറി ഡ്രൈവർ തെങ്കാശി സ്വദേശി അൻപരശനും ഗുരുതര പരിക്കേറ്റു. ബസിെൻറ മുൻഭാഗത്തിരുന്നവർക്കാണ് കൂടുതൽ പരിക്ക്. ബസ് പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് മുന്നിലത്തെ കമ്പിയിൽ തലയിടിച്ചാണ് കൂടുതൽ പേർക്കും പരിക്ക്. പത്തനംതിട്ടയിൽനിന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവർ ബസിലെ യാത്രക്കാരാണ്. നെടുമ്പ്രം തട്ടശേരിൽ ഷിഫാന (23), തിരുവല്ല കുറ്റൂർ മലയിൽകളീക്കൽ ജിബു (28), ചങ്ങനാശ്ശേരി അഞ്ഞനാട്ട് ജോജി, പുനലൂർ അലിമുക്ക് ചരുവിളപുത്തൻവീട്ടിൽ കൃഷ്ണകുമാർ, ആങ്ങമൂഴി മലമണ്ണിൽ അഞ്ജു (22), അട്ടത്തോട് മുട്ടുമണ്ണിൽ രതീഷ് (31), കൊടുന്തറ തെക്കേക്കര വിഷ്ണു, കൊടുന്തറ തെക്കേക്കര ജയശ്രീ, തലവടി ആലപ്പച്ചാൽ നോർത്ത് ചിറയിൽ സി. പാപ്പച്ചൻ, മാരാമൺ ചിറയിറമ്പ് കൈതമംഗലത്ത് ഷൈനി (48), ആലുവ യു.സി കോളജ് സൗപർണികയിൽ വിജേഷ് (34), കോന്നി വട്ടക്കാവ് കല്ലടിക്കിനാൽ രമ്യ സതീശൻ (30), കൈതമംഗലത്ത് ജ്യോതിസ് തോമസ് റെജി, വാകത്താൻ നെടുമന ഇല്ലം ഗോവിന്ദൻ നമ്പൂതിരി, വള്ളംകുളം കിഴക്ക് പാറോലിൽ പി.കെ. സാബുജി, പായിപ്പാട് പുത്തൻപറമ്പിൽ പി.എസ്. ജോസഫ്, കറ്റോട് കാഞ്ഞിരത്തുമൂട്ടിൽ ഷീബ എബ്രഹാം, പള്ളുരുത്തി പെരുപ്പടവ് ചക്കാലത്തുഹൗസ് ജയ്സൺ (32), തിരുവല്ല സ്വദേശി ഹരില എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ ജോജി, ഷീബ, ഹരില എന്നിവരെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. നിസ്സാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു. അപകടത്തെത്തുടർന്ന് ടി.കെ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വീണ ജോർജ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ്, ജില്ല പൊലീസ് മേധാവി ബി. അശോകൻ, റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ ആശുപത്രിയിലെത്തി. ടി.കെ റോഡിൽ വാഹനങ്ങളുടെ അമിത വേഗതയും വീതികുറവും അപകടങ്ങൾക്ക് കാരണമാകുന്നു. മഴ തുടങ്ങിയതോടെ അപകടം വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.