പത്തനംതിട്ട: സംസ്ഥാനത്ത് മഴയുടെ അളവ് കുറയുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന്‍. 29ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ‘പ്രാദേശിക ജലചംക്രമണത്തിലെ മാറ്റങ്ങള്‍’ വിഷയത്തില്‍ ഡോ. പിഷാരടി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂമിയില്‍ ലഭ്യമായ ജലത്തിന്‍െറ 97.5 ശതമാനവും സമുദ്രജലമാണ്. ബാക്കിയുള്ള 2.5 ശതമാനത്തില്‍ വളരെ ചെറിയൊരുഭാഗം മാത്രമേ ഉപയോഗത്തിനായി ലഭ്യമായിട്ടുള്ളു. ജലദൗര്‍ലഭ്യം പ്രതീക്ഷിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ആഗോളതാപനവും ജലലഭ്യതയും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതായും ഹരിതഗൃഹ വാതകങ്ങളുടെ വര്‍ധനയും ഭൂമിയുടെ ഉപയോഗ രീതിയിലുണ്ടായ മാറ്റങ്ങളും ആഗോളതാപനത്തിനു കാരണമായെന്നും അദ്ദേഹം പറഞ്ഞു. വരണ്ടപ്രദേശങ്ങള്‍ കൂടുതല്‍ വരണ്ടതായി മാറുമ്പോള്‍ ചതുപ്പുനിലങ്ങള്‍ കൂടുതല്‍ ചതുപ്പായി മാറുന്നുവെന്നും പഠനങ്ങള്‍ കാണിക്കുന്നു. ചില സ്ഥലങ്ങളില്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി പെട്ടെന്ന് കനത്ത മഴ പെയ്യുന്നതുമൂലം വെള്ളം മുഴുവനായും മണ്ണിലേക്ക് ഊര്‍ന്നിറങ്ങാതെ ഒഴുകിപ്പോകുന്നത് ഭൂഗര്‍ഭജലത്തിന്‍െറ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. നീണ്ടസമയം നിലനില്‍ക്കുന്ന ചെറിയ മഴയുടെ സ്ഥാനത്ത് പെട്ടെന്നുണ്ടാകുന്ന കനത്ത മഴമൂലം ഭൂഗര്‍ഭജലസംഭരണം സാധിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനു ശരിയായ തയാറെടുപ്പുകളോടെ ശാസ്ത്രീയ ജലപരിപാലന മാര്‍ഗങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂഗര്‍ഭജലത്തിന്‍െറ അളവ് കേരളത്തെ സംബന്ധിച്ച് ആശങ്കാജനകമായ അവസ്ഥയിലേക്ക് താണുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജിയുടെ സ്ഥാപക ഡയറക്ടറും ഇന്ത്യന്‍ റിമോട്ട് സെന്‍സിങ്ങിന്‍െറ പിതാവുമായി കണക്കാക്കുന്ന ഡോ. പി.ആര്‍. പിഷാരടിയുടെ സ്മരണാര്‍ഥമാണ് സയന്‍സ് കോണ്‍ഗ്രസില്‍ പ്രഭാഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.