ഏറത്ത് ഗ്രാമപഞ്ചായത്തില്‍ അധികാരത്തെച്ചൊല്ലി പോര്

അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്തില്‍ അധികാരത്തെച്ചൊല്ലി സി.പി.എം-സി.പി.ഐ തമ്മിലും സി.പി.എമ്മിനുള്ളിലും തര്‍ക്കം. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റിനെ സി.പി.എം തല്‍സ്ഥാനത്തേക്ക് വീണ്ടും അവരോധിക്കാന്‍ നടത്തുന്ന ശ്രമമാണ് എല്‍.ഡി.എഫില്‍ തര്‍ക്കത്തിനു കാരണമായത്. സി.പി.ഐയിലെ രാജേഷാണ് വൈസ് പ്രസിഡന്‍റ്. എന്നാല്‍, ഒരു വര്‍ഷത്തെ ധാരണയിലാണ് വൈസ് പ്രസിഡന്‍റ് സ്ഥാനം സി.പി.ഐക്ക് നല്‍കിയതെന്നാണ് സി.പി.എം പറയുന്നത്. ഏറത്ത് സി.പി.ഐക്ക് കിട്ടിയ ഏക സീറ്റും രാജേഷിന്‍േറതാണ്. സി.പി.എമ്മിലെ ടി.ഡി. സജിയെ വൈസ് പ്രസിഡന്‍റാക്കാനാണ് ചര്‍ച്ച പുരോഗമിക്കുന്നത്. രാജേഷ് വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞാല്‍ ജനവികസനകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം പകരം നല്‍കിയേക്കും. സി.പി.എം അംഗമായ സരസ്വതിയാണ് വികസനകാര്യ സമിതി ചെയര്‍പേഴ്സണ്‍. എന്നാല്‍, വികസനകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം ഒഴിയില്ളെന്നാണ് സരസ്വതി പറയുന്നത്. ഇവിടെ പ്രസിഡന്‍റ് സ്ഥാനം വനിത സംവരണമാണ്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈല റെജി രണ്ടര വര്‍ഷത്തിനുശേഷം ഈ സ്ഥാനം രാജിവെക്കുകയും പ്രസിഡന്‍റ് സ്ഥാനം നല്‍കാമെന്നുമാണ് പാര്‍ട്ടി ഇപ്പോള്‍ പറയുന്നത്. എന്നാല്‍, പ്രസിഡന്‍റ് സ്ഥാനത്തേക്ക് പാര്‍ട്ടി സീനിയര്‍ അംഗങ്ങളായ സരസ്വതിയും ഷൈല റെജിയും ഒരുപോലെ ആവശ്യമുയിച്ചിരിക്കുകയാണ്. രാജേഷിനു പകരം വൈസ് പ്രസിഡന്‍റാകാനിരിക്കുന്ന ടി.ഡി. സജി മത്സരിച്ച 13ാം വാര്‍ഡില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം പ്രചാരണഘട്ടത്തിലിരിക്കെ സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ചിരുന്നു. ഇതുകാരണം ഈ വാര്‍ഡിലെ തെരഞ്ഞെടുപ്പ് പിന്നീടാണ് നടന്നത്. സി.പി.എമ്മിനു തന്നെ വൈസ് പ്രസിഡന്‍റ് സ്ഥാനം ആവശ്യപ്പെടാനുള്ള സാഹചര്യം ഇതോടെ ഇല്ലാതാകുകയായിരുന്നു. തുടര്‍ന്നാണത്രേ സി.പി.ഐക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.