ജില്ലയിലെ ക്രഷെകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

പത്തനംതിട്ട: കേന്ദ്രമാനവ വിഭവ ശേഷി വകുപ്പിനു കീഴില്‍ രാജീവ് ഗാന്ധി ‘ക്രഷെ’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്രഷെകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. അസംഘടിത തൊഴിലാളികളും വീട്ടമ്മമാരുമായ കുറഞ്ഞ വരുമാനക്കാരുടെ കുട്ടികള്‍ക്ക് ഒരു ആശ്രയകേന്ദ്രമാണിത്. ആറു മാസം മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികളെയാണ് ക്രഷെയില്‍ പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ പട്ടിക വിഭാഗങ്ങളുടെ കോളനിയിലടക്കം 14 ക്രഷെകളിലായി 450 കുട്ടികളെ പകല്‍ സംരക്ഷിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. തുച്ഛമായ ഓണറേറിയത്തില്‍ ജോലി ചെയ്തുവരുന്ന ഇവിടുത്തെ ജീവനക്കാരുടെ ഓണറേറിയം ബാലസേവികക്ക് 1200 രൂപയും ഹെല്‍പര്‍മാര്‍ക്ക് 800 രൂപയുമാണ്. ഇതിന് പുറമെ ഒരു കുട്ടിക്ക് പോഷകാഹാരത്തിനായി രണ്ടുരൂപ എട്ട് പൈസയും പ്രതിമാസം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും. ഇതിനിടെ മിക്ക ഇടങ്ങളിലും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രഷെകളുടെ വാടകയും നല്‍കുന്നതിനു ജീവനക്കാര്‍ നിര്‍ബന്ധിതമാകും. കുട്ടികളുടെ ആരോഗ്യപരിപാലനം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നാണ് നടത്തുന്നത്. ഇത് തൃപ്തികരമല്ളെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സമാനസ്വാഭാവത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗന്‍വാടികളിലേതിനു തുല്യമായ വേതനം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. പശ്ചാത്തല സൗകര്യവും അപര്യാപ്തമാണ്. കേന്ദ്രമാനവ വിഭവ ശേഷി വകുപ്പിനു കീഴില്‍ രാജീവ്ഗാന്ധി ‘ക്രഷെ’ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്രഷെകളിലെ ജീവനക്കാരുടെ ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ പരിഗണനയിലാണെന്നു കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് സഹമന്ത്രി കൃഷ്ണരാജ് പി. കരുണാകരന്‍ എം.പിയെ അറിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ സംസ്ഥാനത്ത് 250ഓളം ക്രഷെ കളാണ് ഇത്തരത്തില്‍ ശിശുക്ഷേമ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ക്രഷെ ജീവനക്കാരുടെ ജോലിയും കൂലിയും സംരക്ഷിക്കുക, വേതനകുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ശിശുക്ഷേമ സമിതി ക്രഷെ വര്‍ക്കേഴ്സ് ആന്‍ഡ് എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ല കമ്മിറ്റികള്‍ 13ന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ രാപകല്‍ സമരം നടത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പ്രഫ. ടി.കെ.ജി. നായര്‍, വൈസ് ചെയര്‍മാന്‍ എം.എസ്. ജോണ്‍, സംസ്ഥാന സമിതി അംഗം സരസമ്മ നടരാജന്‍, ജില്ല പ്രസിഡന്‍റ് കെ.ബി. ബിന്ദു, സെക്രട്ടറി അജിതകുമാരി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.