ഗ​വി ഭൂ​സ​മ​രം ര​ണ്ടാംഘ​ട്ട​ത്തി​ലേ​ക്ക്

പത്തനംതിട്ട: ഗവി നിവാസികൾക്ക് കൃഷി ചെയ്ത് ജീവിക്കാൻ സ്വന്തമായി ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവിയിലെ 350ഒാളം തൊഴിലാളികളും 50ഒാളം ആദിവാസി കുടുംബങ്ങളും വ്യാഴാഴ്ച ഉച്ചക്ക് 12 ന് പ്രകടനവുമായി കോന്നി താലൂക്ക് ഓഫിസിലേക്ക് എത്തി കോന്നി തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കും. തുടർന്ന് കോന്നിയിൽ നടക്കുന്ന രണ്ടാംഘട്ട സമരപ്രഖ്യാപന കൺെവൻഷൻ പ്ലാച്ചിമട സമര നായകൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 10ന് പത്തനംതിട്ട െഗസ്റ്റ്ഹൗസിൽ മനുഷാവകാശ കമീഷൻ അംഗം മോഹൻകുമാർ വിളിച്ചിരിക്കുന്ന സിറ്റിങ്ങിൽ ഗവി നിവാസികളുടെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ ഗവി ഭൂമിസമര സമിതി നേതൃയോഗം തീരുമാനിച്ചു. ഗവി നിവാസികളെ വൈകീട്ട് അഞ്ചിന് ശേഷം വള്ളക്കടവിലും ആങ്ങമ്മൂഴിയിലും തടയുന്ന രീതി അവസാനിപ്പിക്കുക, രാത്രി എട്ടുവരെ എങ്കിലും യാത്രാസ്വാതന്ത്ര്യം അനുവദിക്കുക, ഗവിയിൽ അടിയന്തരമായി പി.എച്ച്.സി സബ് സെൻറർ അനുവദിക്കുകയും അത് എല്ലാ ദിവസവും പ്രവർത്തിപ്പിക്കുകയും ചെയ്യുക, ഗവിയിലെ കുട്ടികൾക്ക് പഠിക്കാൻ ഗവിയിൽ ഉള്ളതും പ്രവർത്തനം മുടങ്ങിയതുമായ ഏക അധ്യാപക സ്കൂൾ യു.പി തലംവരെ എങ്കിലും ഉയർത്തുക, ഇതിന് ആവശ്യമായ കെട്ടിടങ്ങളും സൗകര്യവും ഉണ്ടാക്കുന്നതിനു കെ.എഫ്.ഡി.സിക്ക് നിർദേശം നൽകുക, ഗവിയിലെ കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിന് ആവശ്യമായ ബസ് അനുവദിക്കാൻ നിർദേശം നൽകുക, ഗവി നിവാസികൾ താമസിക്കുന്ന 40ഒാളം വർഷം പഴക്കമുള്ള ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ കെ.എഫ്.ഡി.സിക്ക് നിർദേശം നൽകുക, ഗവി നിവാസികൾക്ക് സ്വന്തമായി ഭൂമിയും വീടും അനുവദിപ്പിക്കാൻ നടപടി എടുക്കുക, ഗവി നിവാസികൾക്ക് തൊഴിൽ നൽകാൻ നിർദേശം നൽകുക, നിർത്തലാക്കിയ കുമളി-പത്തനംതിട്ട ബസ് പുനരാരംഭിക്കുക, പുതുതായി ഗവിയിൽനിന്ന് വണ്ടപ്പെരിയാറിലേക്കും പത്തനംതിട്ടയിലേക്കും ബസ് സർവിസ് അനുവദിപ്പിക്കുക തുടങ്ങിയവ യോഗം ആവശ്യപ്പെട്ടു. സമരസമിതി ജനറൽ കൺവീനർ ഷാജി ആർ. നായർ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.വി. ബോസ് അധ്യക്ഷതവഹിച്ചു. കെ.കെ. ബാബു, ജയ കൃഷ്ണൻ മൈലപ്ര, പി.ആർ. ഷാജി, പി. കലേശ്, ടി.സി. തങ്കപ്പൻ, പുണ്യരാജ്, കെ. ത്യാഗു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.