പന്തളം: ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടർന്ന് പന്തളം നഗരസഭ പ്രവർത്തനം മുടങ്ങി. ശനിയാഴ്ച നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് അനധികൃത അവധിയെടുത്ത് ജീവനക്കാർ മുങ്ങിയത്. വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ ഇതോടെ നിരാശരായി മടങ്ങി. കസേരകളിൽ ജീവനക്കാരില്ലാത്തത് സംബന്ധിച്ച് ജോലിയിലുണ്ടായിരുന്നവരോട് അന്വേഷിച്ചവർക്ക് തൃപ്തികരമായ മറുപടി നൽകാൻ അധികൃതർ തയാറാകാതിരുന്നത് തർക്കത്തിനു കാരണമായി. നഗരസഭ സെക്രട്ടറിയടക്കം അവധിയെടുത്തത് ഒരു സേവനവും വിവിധ ആവശ്യങ്ങൾക്ക് എത്തിയവർക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടാക്കി. പൊതുജനത്തിനു തടസ്സമുണ്ടാക്കാത്ത തരത്തിൽ ജോലി ക്രമീകരിക്കണമെന്ന നിയമം സെക്രട്ടറിയടക്കം ലംഘിച്ചതായാണ് പരാതി. ജനന-മരണ സർട്ടിഫിക്കറ്റടക്കം വിവിധ ആവശ്യങ്ങൾക്ക് നഗരസഭക്ക് പുറത്തുനിന്നെത്തിയവരാണ് ബുദ്ധിമുട്ടിയതേറെയും. ഇതിൽ പലരും സ്വകാര്യ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്നവരായിരുന്നു. പൊതുജനത്തെ വലച്ച് ജീവനക്കാർ കൂട്ട അവധിയെടുക്കുന്ന സംഭവം മുമ്പും പന്തളം നഗരസഭയിൽ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.