അടൂർ: ഉപേക്ഷിക്കപ്പെട്ട് മരണക്കയങ്ങളായ പാറമടകൾ നികത്താൻ അടിയന്തര നടപടി വേണമെന്ന് ആവശ്യം. അടൂർ താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലാണ് പ്രവർത്തനം നിലച്ച പാറമടകൾ ഭീഷണിയാകുന്നത്. അടുത്തിടെ അടൂരിന് സമീപം രണ്ടു ഗ്രാമങ്ങളിലെ പാറക്കുളങ്ങളിൽ വീണ് മൂന്നു കുട്ടികൾ മരിച്ച സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടർ തയാറാകണമെന്നാണ് ആവശ്യം. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി കന്നിമലയിൽ ജനകീയസമരത്തെ തുടർന്ന് കരിങ്കൽ ക്വാറികൾ ഉപേക്ഷിച്ചിട്ട് മൂന്ന് വർഷമായി. പ്രവർത്തനം പുനരാരംഭിക്കാൻ അടൂർ താലൂക്ക് ഓഫിസിൽ ക്വാറി മാഫിയ സംഘം അപേക്ഷ നൽകിയിട്ടുണ്ട്. കാലായ്മുക്ക് കോളനി റോഡിൽ കൊണ്ടുവിളപ്പടി ജങ്ഷനിൽ റോഡിനോട് ചേർന്ന് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചുപോയ 50 അടി താഴ്ചയുള്ള ക്വാറിയിൽനിന്ന് കരിങ്കല്ല് കയറ്റിവന്ന ലോറി പതിച്ച് ശാസ്താംകോട്ട സ്വദേശി ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. നാട്ടുകാർക്ക് ഭീഷണിയായ പാറമടക്കുളം ഇവരുടെ പേടിസ്വപ്നമാണ്. മണ്ണടി ക്ഷേത്രത്തിന് സമീപം 500 അടി താഴ്ചയുള്ളതും വെള്ളം നിറഞ്ഞതുമായ ആവണം പാറമലയിലെ കുളം അപകടം വിളിച്ചുവരുത്തുന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ കന്നിമല പാസുപാറ കുളത്തിലാണ് കഴിഞ്ഞ ദിവസം അമ്മയോടൊപ്പം കുളിക്കാൻ വന്ന കുട്ടി മരിച്ചത്. അഗാധ ഗർത്തങ്ങളുള്ള കന്നിമല ആട്ടറപാറമട മറ്റൊരു അപകടക്കെണിയാണ്. ഏറത്ത് ഗ്രാമത്തിലെ നെടിയത്ത്മല, ശ്രീരംഗം ക്വാറി, മംഗലത്തുമല എന്നിവ 200 അടി താഴ്ചയുള്ളതും സുപ്രീംകോടതി വിധി പാലിക്കാതെ ഉദ്യോഗസ്ഥ പിന്തുണയിൽ പ്രവർത്തിക്കുന്നതുമാണ്. ഇവിടങ്ങളിൽ വൻതോതിൽ മണ്ണെടുപ്പും നടക്കുന്നു. കൂനംപാലവിള കഴുത്തുംമൂട് പാതയിൽ പാറ പൊട്ടിക്കുന്നതു നിമിത്തം 300 അടി താഴ്ചയിൽ റോഡ് ഇടിഞ്ഞു പാറമടയിൽ പതിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണസമിതി മുഖ്യമന്ത്രിക്കും കലക്ടർ, ജിയോളജിസ്റ്റ് ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുകയോ റോഡ് പൂർവസ്ഥിതിയിൽ ആക്കുകയോ ചെയ്തിട്ടില്ല. കന്നിമലയിൽ 500 മീറ്റർ ചുറ്റളവിൽ ഒമ്പതോളം ക്വാറികൾ ജനങ്ങളുടെ ജീവന് ഭീഷണിയാണ്. ഏറത്ത് പഞ്ചായത്തിൽതന്നെ സെൻറ് സിറിൽസ് കോളജിനോട് ചേർന്ന കിളിവയൽ ക്വാറി സുപ്രീംകോടതി വിധി ലംഘിച്ചാണ് പ്രവർത്തിക്കുന്നത്. ഏനാദിമംഗലം പഞ്ചായത്തിൽ അപകടം നടന്ന് രണ്ടു കുട്ടികൾ മരിച്ച ക്വാറിയും ഇളമണ്ണൂർ കിൻഫ്ര പാർക്കിന് സമീപം കുന്നിടയിൽ പാറമടയിൽ മണ്ണിടിഞ്ഞു വീണ് അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ച സൂര്യ റോക്സ്, മരുതിമൂട് കെ.ഐ.പി കനാലിനു വടക്ക് വല്യത്ത് റോക്സ് എന്നിവയും ഉപേക്ഷിച്ചുപോയതാണ്. മരുതിമൂട്ടിലെ പാറമടകുളത്തിൽ രണ്ട് യുവാക്കൾ മരിച്ചിരുന്നു. തേപ്പുപാറ മംഗലത്ത് ക്വാറിയും സമീപത്തെ ക്വാറിയും തോട്ടഭാഗത്ത് അനധികൃത സ്ഫോടകവസ്തുക്കൾ എത്തിച്ച് പരിശീലനം ലഭിക്കാത്ത തൊഴിലാളികളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. കിൻഫ്ര വ്യവസായ പാർക്കിലും സുപ്രീംകോടതി വിധി ലംഘിച്ച് പാറമടയുണ്ട്. ഏഴംകുളം പഞ്ചായത്തിൽ പുലിമലയിൽ കോടതി വിധി ലംഘിച്ച് അനധികൃത സ്ഫോടകവസ്തുക്കൾ കൊല്ലം ജില്ലയിൽനിന്ന് എത്തിച്ചാണ് പ്രവർത്തനം. കൊയ്പ്പള്ളി മലയിൽ ജനങ്ങളുടെ ജീവന് ഭീഷണിയായി രണ്ട് ക്വാറികൾ കോടതി വിധിയെത്തുടർന്ന് അടച്ചിരുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ഇളംപ്പള്ളിക്കലിൽ കോടതി വിധി ലംഘിച്ച് രണ്ട് ക്വാറികൾ പ്രവർത്തിക്കുന്നു. മനുഷ്യജീവനും പരിസ്ഥിതിക്കും ഭീഷണിയായ ക്വാറികൾ നികത്തുകയോ സംരക്ഷണവേലികെട്ടി അപകട സൂചക ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തില്ലെങ്കിൽ ഇനിയും ദുരന്തക്കളമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.