വടശ്ശേരിക്കര: പെരുവഴിക്ക് കരമടച്ച് വലയുകയാണ് പരമേശ്വരൻ നായർ. പെരുനാട് പൂവത്തുംമൂട് പാലത്തിനുവേണ്ടി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത വസ്തു നിയമപരമായി പോക്കുവരവു ചെയ്യുകയോ തീറാധാരത്തിൽ കുറവു വരുത്തുകയോ ചെയ്യാതെ നഷ്ടപരിഹാരത്തുക ലഭ്യമാക്കാത്തതാണ് കൂടക്കാവിൽ പരമേശ്വരൻ നായർക്ക് വിനയാകുന്നത്. ഇതിനാൽ പൊതുവഴിക്ക് കരമടയ്ക്കേണ്ട സ്ഥിതിയാണ്. തിരുവാഭരണ പാതയിലെ പൂവത്തുംമൂട് വള്ളക്കടവിൽ പെരുനാട് കരയുമായി ബന്ധപ്പെട്ട് പാലം നിർമിക്കുന്നതിന് 2006/2008 കാലഘട്ടത്തിലാണ് പ്രാരംഭ നടപടി ആരംഭിക്കുന്നത്. ഇതിനായി പെരുനാട് കരയിലെ ഏഴിലധികം വ്യക്തികളിൽനിന്ന് ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമിക്കാൻ ധാരണയായിരുന്നു. എന്നാൽ, പാലംപണി പുരോഗമിച്ച് തിരുവാഭരണയാത്രയും ഗതാഗതവും പാലത്തിലൂടെ ആരംഭിച്ചുവെങ്കിലും ഭൂമി വിട്ടുകൊടുത്തവർക്ക് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഒടുവിൽ ഭൂവുടമകളായ ഏഴോളംപേർക്ക് നഷ്ടപരിഹാരം അനുവദിച്ചതായി കലക്ടറേറ്റിൽനിന്ന് അറിയിപ്പ് വന്നപ്പോൾ തന്നെ ഒഴിവാക്കിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് പരമേശ്വരൻ നായർ വില്ലേജ് ഒാഫിസിലും എ.ഡി.എം ഓഫിസിലും കയറിയിറങ്ങിയതോടെയാണ് താൻ വർഷങ്ങളായി കരമടക്കുന്നത് ഗതാഗതത്തിരക്കേറിയ പെരുനാട് പൂവത്തുംമൂട് റോഡിനാണെന്ന് തിരിച്ചറിയുന്നത്. പെരുനാട് വള്ളക്കടവ് റോഡിനു സമീപം തനിക്കുള്ള 771/10-8 സർവേ നമ്പറിലെ 21 സെൻറ് വസ്തുവിൽ 19 സെൻററും റോഡിനായി വിട്ടുകൊടുത്തിരുന്നു. ഈ സാമ്പത്തികവർഷവും കരമടച്ച വസ്തു അപ്രോച്ച് റോഡിന് ഭൂമിയേറ്റെടുത്ത ലിസ്റ്റിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് അടുത്ത ദിവസമാണ് തിരിച്ചറിയുന്നത്. ഇതുമായി വില്ലേജ് ഒാഫിസിലും അന്ന് സർവേ നടത്തിയ ഉദ്യോഗസ്ഥരെയുമൊക്കെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പെരുനാട് വില്ലേജ് ഒാഫിസിൽ നൽകിയ വിവരാവകാശത്തിനുള്ള മറുപടിയിൽ ഭൂമി വിട്ടുകൊടുത്തവരിൽ എട്ടാമനായ കൂടക്കാവിൽ പരമേശ്വരൻ നായരുടെ പേരിനുതാഴെ നമ്പറിടാതെ പി.എം. തോമസ് എന്നൊരാളുടെ പേര് എഴുതിച്ചേർക്കുകയും പരമേശ്വരൻ നായർ കരമടക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം പി.എം. തോമസിന് നൽകിയെന്ന സൂചനയുമാണ് നൽകുന്നത്. അങ്ങനെയാണെങ്കിൽപോലും സർക്കാർ ഏറ്റെടുത്ത ഭൂമി തെൻറ ആധാരത്തിൽ കുറവുചെയ്ത് തന്നെ കരമടക്കുന്ന ബാധ്യതയിൽനിന്ന് ഒഴിവാക്കാത്തതെന്തെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.