കോഴഞ്ചേരി: മണിയാർ ഡാമിൽനിന്നുള്ള ആറുമാസം മുമ്പ് പൊട്ടിയ പി.ഐ.പി കനാൽ പുനർനിർമാണം പൂർത്തിയാകാൻ ഇനിയും വൈകും. ഇതോടെ പി.ഐ.പി കനാലിനെ ആശ്രയിക്കുന്ന കർഷകരും നാട്ടുകാരും കൂടുതൽ പ്രതിസന്ധിയിലായി. മെയിൻ കനാൽ പൊട്ടിയതോടെ ഇതിലൂടെ വെള്ളമൊഴുക്കും നിലച്ചു. ജലസേചന വകുപ്പ്, പി.ഐ.പി ഉദ്യോഗസ്ഥർ പ്രാരംഭ പരിശോധനകൾ പൂർത്തിയായപ്പോഴേക്കും തന്നെ മാസങ്ങൾ പിന്നിട്ടിരുന്നു. 50 മീറ്ററോളം നീളത്തിൽ ബണ്ട് പൊട്ടിയാണ് തകരാർ സംഭവിച്ചത്. ഇത് പുനർനിർമിക്കുന്നതിന് വൻ പദ്ധതിയാണ് വിദഗ്ധ ഉദ്യോഗസ്ഥസംഘം നിർദേശിച്ചത്. വൻതുക ചെലവ് വരുന്നതും ഏറെക്കാലത്തെ നിർമാണവുമാണ് ഇതിലൂടെ ഉദ്യോഗസ്ഥരും കരാറുകാരും ലക്ഷ്യമിട്ടത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും എതിർപ്പിനെ തുടർന്ന് ഇത് പുനഃപരിശോധിക്കാൻ ഉന്നതതലത്തിൽ നിർേദശമായി. പുനഃക്രമീകരിച്ച പദ്ധതിപ്രകാരം കരിങ്കല്ലുകെട്ടിയും കോൺക്രീറ്റ് ചെയ്തും വശങ്ങൾ ഉറപ്പിച്ച് മണ്ണിട്ടു നിറച്ച് ബലപ്പെടുത്താൻ തീരുമാനമായി. കനാൽ വെള്ളം നിലച്ചതോടെ ശബരിമല തീർഥാടകർക്കും മണ്ഡലകാലത്ത് വെള്ളം ലഭിക്കാത്ത സ്ഥിതിയായി. ഗ്രാമപഞ്ചായത്തിെൻറയും ദേവസ്വം ബോർഡിെൻറയും ഇടപെടൽ ഉണ്ടായതോടെ താൽക്കാലികമായി വെള്ളം തുറന്നുവിടുന്നതിന് ക്രമീകരണം നടത്താൻ നിർദേശം ഉയർന്നു. ഇതിനായി വശങ്ങൾ താൽക്കാലികമായി കെട്ടിയുയർത്തി 150 അടിയോളം ദൂരത്തിൽ വശങ്ങൾ ഉറപ്പിച്ച് വെള്ളം എത്തിക്കാൻ തീരുമാനിച്ചു. തടയണ മാതൃകയിൽ താൽക്കാലികമായി വശങ്ങളുയർത്തി ശബരിമല സീസൺ കാലത്ത് വെള്ളം തുറന്നുവിട്ടതിനുശേഷം അടുത്തിടെ കോൺക്രീറ്റ് ഒന്നാംഘട്ടം പൂർത്തിയായി. മൂന്നടിയോളം ഉയരത്തിൽ വെള്ളം തുറന്നുവിട്ടു. മുഖ്യ കനാൽ വാഴക്കുന്നത്തുനിന്ന് ഇടതുവലത് കരകളായി തിരിച്ചുമാണ് ഈ രണ്ടുഭാഗത്തേക്കും മൂന്നുദിവസം വീതം വെള്ളം തുറന്നുവിട്ടത്. വാഴക്കുന്നത്തുനിന്ന് രണ്ടടി ഉയരത്തിൽ തുറന്നുവിടുന്ന വെള്ളം സമീപ പഞ്ചായത്തിൽ തന്നെ എത്തുമ്പോൾ ഒരടിയിൽ താഴെവരെ എത്തും. ഉപകനാലുകൾ തുറക്കാനും കഴിയുന്നില്ല. കനാൽ വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന ചെറുകോൽ, നാരങ്ങാനം, കോഴഞ്ചേരി, ഇലന്തൂർ, മെഴുവേലി, ആറന്മുള, അയിരൂർ, തോട്ടപ്പുഴശ്ശേരി, കോയിപ്രം എന്നിവിടങ്ങളിലെല്ലാം കൃഷി നശിക്കുകയാണ്. വെള്ളമില്ലാത്തതുമൂലം കരയിലും പാടത്തും കൃഷിയിറക്കാനും കഴിയുന്നില്ല. വേനൽ കനക്കുംമുമ്പേ വെള്ളമൊഴുക്ക് പൂർവസ്ഥിതിയിൽ എത്തുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ, പണി പൂർത്തിയാക്കാൻ ഒരുമാസമെങ്കിലും എടുക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കനാലിെൻറ ഉറവമൂലം സമീപത്തെ കിണറുകൾ കുളങ്ങൾ തോടുകൾ എന്നിവയിലെല്ലാം വെള്ളമുണ്ടായിരുന്നു. ഇതും നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.