ഉ​ളി​ത്തു​മ്പി​ൽ വി​രി​ഞ്ഞ വി​സ്​​മ​യ​ങ്ങ​ൾ അ​ണി​നി​ര​ന്നു; അ​ത്ത​ച്ച​മ​യം അ​വ​ർ​ണ​നീ​യ​ം

പന്തളം: ബകവധത്തിനായി പുറപ്പെട്ട ഭീമസേനനും രാവണനെ പരിഹാസപൂർവം വീക്ഷിക്കുന്ന ഹനുമാനും പറക്കുന്ന അരയന്നവും ഒറ്റക്കാളയും ഇരട്ടക്കാളയും അടക്കം ഉളിത്തുമ്പിൽ വിരിഞ്ഞ വിസ്മയങ്ങൾ കുരമ്പാല പുത്തൻകാവിൽ ദേവീക്ഷേത്രമുറ്റത്ത് അണിനിരന്നപ്പോൾ അത്തച്ചമയം അവർണനീയമായി. കുരമ്പാല വടക്ക്, ഇടഭാഗം തെക്ക് എന്നീ കരകളിൽനിന്നുള്ള 19 കെട്ടുരുപ്പടികളും തിങ്കളാഴ്ച വൈകീട്ട് നാലുമുതൽ ക്ഷേത്രത്തിൽ എത്തിയിരുന്നു. അതിനു മുമ്പുതന്നെ കാഴ്ചക്കാർ അമ്പലപ്പറമ്പിെൻറ ഭാഗമായി മാറി. കുരമ്പാല പുത്തൻകാവിൽ ദേവീക്ഷേത്രത്തിലെ അത്ത ഉത്സവത്തിെൻറ ഭാഗമായി നടന്ന കെട്ടുകാഴ്ചയിൽ നൂറുകണക്കിന് ആൾക്കാരുടെ മെയ്ക്കരുത്തിൽ എഴുന്നള്ളി എത്തിയ ഓരോ കെട്ടുരുപ്പടിക്കു മുന്നിലും കുട്ടികളടക്കമുള്ളവർ ചെണ്ടമേളത്തിനൊത്തു ചുവടുെവച്ചു. വഴി നിറഞ്ഞുള്ള കെട്ടുരുപ്പടികളുടെ വരവുകാണാൻ ക്ഷേത്രവഴിയിലും ജനം കാത്തുനിന്നു. ഓരോ കെട്ടുരുപ്പടികളെയും ഭക്തർ വായ്ക്കുരവകളോടെയാണ് ക്ഷേത്രത്തിലേക്ക് എതിരേറ്റത്. ക്ഷേത്രത്തിലെത്തിയ കെട്ടുരുപ്പടികൾ മുറയനുസരിച്ചു തിരുമുന്നിൽ കളിപ്പിച്ചതിനുശേഷം പന്തിയിൽ അണിനിരന്നു. സന്ധ്യക്കു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവി തിടമ്പിൽ എഴുന്നള്ളിയെത്തി ഓരോ കെട്ടുരുപ്പടികളുംകണ്ട് അനുഗ്രഹം ചൊരിഞ്ഞുമടങ്ങി. തുടർന്നു 6.40ന് ദീപാരാധന, പുലർച്ച ഒന്നിന് വേലവിളക്ക് കുരമ്പാല പടേനികളരി, രണ്ടിന് എതിരേൽപ്, വലിയകാണിക്ക എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.