കി​ൻ​ഫ്ര പാ​ർ​ക്കി​ലെ ആ​ശു​പ​ത്രി കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു

അടൂർ: ആശുപത്രിക്ക് കെട്ടിടം പണിത് എട്ടു വർഷമായും പ്രവർത്തനം തുടങ്ങിയില്ല. ഇളമണ്ണൂർ കിൻഫ്ര ഭക്ഷ്യസംസ്കരണ- ചെറുകിട വ്യവസായ പാർക്കിലാണ് ആശുപത്രിക്ക് പണിത കെട്ടിടം കാടുകയറി നശിക്കുന്നത്. അടൂരിൽനിന്ന് 10 കിലോമീറ്റർ കിഴക്ക് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ സ്കിന്നർപുരം തോട്ടത്തിലെ 85.38 ഏക്കർ ഭൂമിയിലാണ് പാർക്ക് പ്രവർത്തിക്കുന്നത്. ഒരു ഇരുചക്രവാഹനത്തിൽപോലും പ്രഥമശുശ്രൂഷക്കുള്ള കിറ്റ് സൂക്ഷിക്കണമെന്ന നിയമം ഉണ്ടായിരിക്കെ പാർക്കിൽ പ്രഥമ ചികിത്സ സൗകര്യംപോലും ഒരുക്കാത്തത് വലിയ വീഴ്ചയാണ്. പാർക്കിെൻറ സ്ഥലം തുടങ്ങുന്നയിടത്ത് സ്റ്റേഡിയത്തിനു സമീപം ചായലോട് പാതയുടെ വശത്താണ് 2009ൽ ആശുപത്രി കെട്ടിടം പൂർത്തിയായത്. കരാർ അടിസ്ഥാനത്തിൽ വാടകക്കു നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഡോക്ടർമാർ കെട്ടിടം ഏറ്റെടുത്ത് നടത്താൻ തയാറാകുന്നില്ലെന്നാണ് കിൻഫ്ര അധികൃതർ പറയുന്നത്. പാർക്കിൽ പ്രവർത്തനം നടക്കുന്ന കയർ കോർപറേഷെൻറ തിരുവിതാംകൂർ കയർ കോംപ്ലക്സ്, വിവിധ സ്വകാര്യ യൂനിറ്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ എന്നിവരുൾപ്പെടെ നൂറുകണക്കിനാളുകൾക്ക് ആശ്രയമാകേണ്ട ആശുപത്രി ഇനിയും പ്രവർത്തനം ആരംഭിക്കാത്തത് രണ്ടു കി.മീ. അകലെ ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രമുള്ളതിനാലാണ് എന്നാണ് കിൻഫ്ര അധികൃതരുടെ ഭാഷ്യം. എന്നാൽ, ഉച്ചക്ക് രണ്ടരവരെ മാത്രം ഒ.പിയുള്ളതും വൈകുന്നേരങ്ങളിൽ ഡോക്ടറുമില്ലാത്ത സാമൂഹികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുക സാധ്യമല്ലെന്ന് ജനം പറയുന്നു. വർഷങ്ങൾക്കു മുമ്പ് കിൻഫ്ര പാർക്കിൽ കേന്ദ്ര മെഡിക്കൽ ഗവേഷണ കേന്ദ്രം ആരംഭിക്കാൻ നീക്കം നടത്തിയപ്പോഴും സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജിനു വേണ്ടി പദ്ധതി ഉപേക്ഷിെച്ചന്ന് ആരോപണം ഉയർന്നിരുന്നു. ഇത്രയധികം വ്യവസായ കേന്ദ്രങ്ങളുള്ള ഇവിടെ പ്രഥമ ശുശ്രൂഷക്കു പോലും സൗകര്യം ഒരുക്കാത്തതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെയും ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.