പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം

റാന്നി: കേരളത്തില്‍ നിലവിലുള്ള മദ്യനയം തിരുത്തി പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാനുള്ള നീക്കത്തില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് റാന്നി മേഖലാ യോഗം പ്രതിഷേധിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ 10 ശതമാനം ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ അടച്ചുപൂട്ടണമെന്നുള്ള സര്‍ക്കാര്‍ നയം തുടരണമെന്നും കെ.സി.സി ആവശ്യപ്പെട്ടു. മദ്യവര്‍ജനനയം അവകാശപ്പെടുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ മദ്യഉപഭോഗം കുറക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിലേക്ക് സാമൂഹിക ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. മദ്യ വില്‍പനശാലകള്‍ കൂടുതല്‍ തുറക്കാനുള്ള ശ്രമം സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പുതിയ ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം ഉണ്ടായാല്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെ.സി.സി റാന്നി സോണിന്‍െറ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ വിവിധ മേഖലകളില്‍ സംഘടിപ്പിക്കാനും സ്കൂള്‍ കോളജ് കേന്ദ്രീകരിച്ച് ബോധവത്കരണ സെമിനാറുകള്‍ക്ക് തുടക്കംകുറിക്കാനും തീരുമാനിച്ചു. ക്നാനായ അതിഭദ്രാസന മേഖലാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്തു. സോണ്‍ സെക്രട്ടറി ഫാ. ജോബ് എസ്. കുറ്റിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കെ.സി.സി എക്സിക്യൂട്ടിവ് അംഗം സ്മിജു ജേക്കബ്, ജാന്‍സി പീറ്റര്‍, തോമസ് മാമ്മന്‍, വര്‍ഗീസ് മത്തായി, പൊന്നി തോമസ്, ഷൈനി രാജീവ് എന്നിവര്‍ സംസാരിച്ചു. കെ.സി.സി കേന്ദ്ര എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്മിജു ജേക്കബ് മറ്റക്കാട്ട്, ജാന്‍സി പീറ്റര്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.