ജീവനക്കാരുടെ കുറവ്; തിരുവല്ല ഡിപ്പോയിലെ സര്‍വിസുകള്‍ താളംതെറ്റുന്നു

തിരുവല്ല: ബസുകളുടെയും ഡ്രൈവറുമാരുടെയും കുറവ് തിരുവല്ല ഡിപ്പോയില്‍നിന്നുള്ള സര്‍വിസുകളെ ബാധിക്കുന്നു. മല്ലപ്പള്ളി, തകഴി എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകളാണ് പ്രധാനമായും പ്രശ്നമാകുന്നത്. 78 ഷെഡ്യുളുകളില്‍ 62 എണ്ണം മാത്രമെ നിലവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. 226 കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും വേണ്ടിടത്ത് 183 കണ്ടക്ടറും 175 ഡ്രൈവറും മാത്രമെ ഡിപ്പോക്ക് അനുവദിച്ചിട്ടുള്ളു. ഇതില്‍ ദീര്‍ഘ അവധിക്കുപോയവരും ആരോഗ്യകാരണങ്ങളാല്‍ അവധിയെടുത്തവരുമാണ് കൂടുതല്‍. താല്‍ക്കാലിക ജീവനക്കാരെ അടക്കം നിയമിച്ചിട്ടും നിലവിലെ ഷെഡ്യൂളുകള്‍ ഗുണകരമാകുംവിധം ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. സ്റ്റേഷന്‍മാസ്റ്റര്‍ ഇല്ലാത്തതിനാല്‍ സാധാരണ ഡ്യൂട്ടിയിലുള്ള കണ്ടക്ടര്‍മാര്‍ തന്നെയാണ് ആ ജോലിയും നിര്‍വഹിക്കുന്നത്. 83 ബസുകള്‍ ഉള്ളതില്‍ 75 എണ്ണം മാത്രമെ പലപ്പോഴും റോഡില്‍ ഇറക്കാന്‍ സാധിക്കുകയുള്ളു. തിരുവല്ലയില്‍നിന്ന് മല്ലപ്പള്ളിയിലേക്ക് ആറുവണ്ടികളാണ് ഓടിയിരുന്നത്. ഇപ്പോള്‍ രണ്ട് ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. വണ്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ട്രിപ്പുകള്‍ പലതും വെട്ടിക്കുറച്ചു. ഇത് യാത്രാദുരിതത്തിന് ഇടയാക്കുന്നു. തിരുവല്ലയില്‍നിന്ന് പായിപ്പാട്, കുന്നന്താനം വഴി മല്ലപ്പള്ളി ഭാഗത്തേക്കുള്ള സര്‍വിസിലൂടെ മെച്ചപ്പെട്ട വരുമാനമാണ് ലഭിച്ചിരുന്നത്. ബസുകളുടെ എണ്ണം കുറഞ്ഞതോടെ 20 ട്രിപ്പുകള്‍ മാത്രമാണ് ഓടുന്നത്. ഇത് ഡിപ്പോയുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ കുറഞ്ഞത് സ്വകാര്യബസുകള്‍ക്ക് ചാകരയായി മാറി. യാത്രക്കാരെ കുത്തിനിറച്ചാണ് പലതും ഓടുന്നത്. ട്രാന്‍സ്പോര്‍ട്ട് ബസുണ്ടെങ്കില്‍ അവയില്‍ പോകേണ്ടവരാണ് സര്‍വിസ് മുടക്കം കാരണം ഇവ കാത്തുനില്‍ക്കാതെ സ്വകാര്യ ബസുകളില്‍ കയറിപ്പറ്റുന്നത്. ഡ്രൈവറുമാരുടെ കുറവ് പ്രാദേശിക സര്‍വിസുകള്‍ മുടങ്ങുന്നതിന് ഇടയാക്കുന്നു. 40പേരുടെ കുറവാണ് ഡിപ്പോയിലുള്ളത്. ദീര്‍ഘദൂര സര്‍വിസുകള്‍ ഒഴികെയുള്ളവയെ ഇത് ബാധിച്ചിരിക്കുന്നു. ഇതുമൂലം വരുമാനമുള്ള റൂട്ടുകളില്‍പോലും ഓടാനാകുന്നില്ളെന്ന് അധികൃതര്‍ പറയുന്നു. കണ്ടക്ടര്‍മാരെ ഏതാനും മാസം മുമ്പ് നിയമിച്ചെങ്കിലും പോരായ്മ പരിഹരിക്കാനായിട്ടില്ല. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിപ്പോ സജ്ജമായിട്ടും നിരവധി പ്രശ്നങ്ങളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.