വീണ ജോര്‍ജ് എം.എല്‍.എ ജില്ലാ ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു

പത്തനംതിട്ട: ജില്ലാ ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ വീണ ജോര്‍ജ് എം.എല്‍.എ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ആശുപത്രിയിലത്തെിയ എം.എല്‍.എ പ്രവര്‍ത്തനരഹിതമായ ഡയാലിസിസ് യൂനിറ്റ്, സ്ട്രോക് റിലീഫ് സെന്‍റര്‍ എന്നിവിടങ്ങളിലെ ശോച്യാവസ്ഥ നേരിട്ടറിഞ്ഞു. തുടര്‍ന്ന് സൂപ്രണ്ട് ഡോ. ആര്‍. ശ്രീലത, ആര്‍.എം.ഒ ആശിഷ് മോഹന്‍കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. രോഗികളെയും കൂട്ടിരിപ്പുകാരെയും കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ശബരിമല തീര്‍ഥാടകരടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന ആശുപത്രിയിലെ നിരവധി സംവിധാനങ്ങള്‍ താറുമാറാണ്. ഒരുവര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച അത്യാനുധിക ഡയാലിസിസ് യൂനിറ്റുകളില്‍ ഒരെണ്ണം പ്രവര്‍ത്തനരഹിതമാണ്. ആശുപത്രിയുടെ സ്ഥിതി അതീവ പരിതാപകരമാണെന്ന് എം.എല്‍.എ പറഞ്ഞു. ആവശ്യമായ കിടക്കകള്‍ ഇല്ലാത്തതില്‍ ബെഡില്‍ രണ്ടുരോഗികളാണ് കിടക്കുന്നത്. ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ല. ദിവസത്തില്‍ കൂടുതല്‍ മൃതദേഹം സൂക്ഷിക്കാനാവാത്ത അവസ്ഥയിലാണ് മോര്‍ച്ചറി. രോഗികള്‍ക്കുള്ള ടോക്കണ്‍ സംവിധാനം ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടി ആലോചിക്കണം. അടിയന്തരമായി എച്ച്.എം.സി കൂടി കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്ന് കലക്ടറോട് എം.എല്‍.എ ആവശ്യപ്പെട്ടു. ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ചും അടിയന്തര നടപടി ആവശ്യപ്പെട്ടും മന്ത്രി കെ.കെ. ശൈലജക്ക് എം.എല്‍.എ റിപ്പോര്‍ട്ട് നല്‍കും. എ. ഗോകുലേന്ദ്രന്‍, പി.കെ. അനീഷ്, ആര്‍. സാബു, എം.ജെ. രവി, ജയപ്രകാശ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.