മാലിന്യത്താല്‍ വീര്‍പ്പുമുട്ടി ഏഴംകുളം ഗ്രാമം

അടൂര്‍: ഏഴംകുളം ഗ്രാമം മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നു. ഒപ്പം തെരുവുനായ് ശല്യത്തിനും പരിഹാരമില്ല. കായംകുളം-പത്തനാപുരം സംസ്ഥാനപാതയിലും ഏനാത്ത് കവലയിലും എം.സി റോഡരികിലും മാലിന്യം നീക്കം ചെയ്യാന്‍ നടപടിയില്ല. പറക്കോട് ടി.ബി ജങ്ഷനടുത്തായിട്ടാണ് റോഡരികില്‍ മാലിന്യം നിറഞ്ഞുകിടക്കുന്നത്. കെട്ടുകണക്കിനു മാലിന്യം റോഡരികില്‍ തള്ളിയത് ടാര്‍ റോഡിലേക്കും വ്യാപിച്ചു കിടക്കുന്നു. വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, കോഴിക്കടകള്‍ എന്നിവിടങ്ങളിലെ മാലിന്യമാണ് കവറുകളിലാക്കി റോഡരികിലേക്കു വലിച്ചെറിയുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യവും മലിനജലവും സംസ്കരിക്കാന്‍ അവിടെ തന്നെ സൗകര്യം ഒരുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, വയല്‍ നികത്തി നിര്‍മിച്ച ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബഹുനില വ്യാപാര സമുച്ചയത്തില്‍നിന്നുള്ള മലിനജലം ഓട നിര്‍മിച്ച് ഒഴുക്കിവിട്ടിരിക്കുന്നത് സമീപം നികത്താത്ത പുഞ്ചവയലിലേക്കാണ്. പുഞ്ചയില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇവിടെ നിന്ന് ഈ മലിനജലം എത്തുന്നത് സമീപത്തെ വലിയതോട്ടിലേക്കാണ്. നിരവധിയാളുകള്‍ കുളിക്കുന്നതിനും മറ്റും ഈ ജലമാണ് ഉപയോഗിക്കുന്നത്. ഈ തോട് അടൂര്‍ വഴി പള്ളിക്കലാറിലാണ് ചേരുന്നത്. നെല്ലിമുകളില്‍ പള്ളിക്കലാറില്‍നിന്നാണ് കടമ്പനാട് പഞ്ചായത്തിലേക്ക് വാട്ടര്‍അതോറിറ്റി കുടിവെള്ളം എത്തിക്കുന്നത്്. ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങള്‍ സംരക്ഷണമില്ലാതെ പായലും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായി. അറുകാലിക്കല്‍ ഈഴക്കോട് ചിറ, ഉടയാന്‍മുറ്റം വല്യാംകുളം, ചിറക്കരോട്ട് ചിറ, ഏഴംകുളം കവലയിലെ കുളം എന്നിവയാണ് നശിച്ചത്. ചിറക്കരോട്ട് ചിറയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ കാഡ മുന്‍കൈയെടുത്തു നടത്തിയിരുന്നെങ്കിലും പിന്നീടെല്ലാം നിലച്ചു. അറുകാലിക്കല്‍ ഭാഗത്തെ പ്രധാന ജലസ്രോതസ്സായ ഈഴക്കോട് ചിറയുടെ ഭൂരിഭാഗവും കാടുകയറി. ഇവിടെ കൈയേറ്റവും വ്യാപകമായി. പ്രദേശവാസികള്‍ കുളിക്കാനും തുണിയലക്കാനും കൃഷിയാവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന ഉടയാന്‍മുറ്റം ഭാഗത്തെ വല്യാംകുളവും ഉപയോഗരഹിതമാണ്. ഏഴംകുളം കവലയിലെ കുളം സംരക്ഷണഭിത്തികെട്ടി തിരിച്ചിട്ടുണ്ടെങ്കിലും പ്രധാന മാലിന്യകേന്ദ്രമാണ്. അടൂരില്‍ ഏറ്റവുമധികം അനധികൃത അറവുശാലകളും മത്സ്യ, മാംസ വ്യാപാരവും ഉള്ളത് ഏഴംകുളം ഗ്രാമപഞ്ചായത്തിലാണ്. ഏഴംകുളത്ത് ആധുനിക അറവുശാലയില്ല. ഇത്തരം അറവുശാലകള്‍ ഉള്ളയിടങ്ങളില്‍നിന്ന് കൊണ്ടുവന്നു വില്‍ക്കുന്നതെന്ന് അവകാശപ്പെട്ടാണ് ഏഴംകുളത്ത് ഇറച്ചി സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. കെ.ഐ.പി കനാല്‍കരകളിലും വിജനമായ സ്ഥലങ്ങളിലുമാണ് കശാപ്പു നടക്കുന്നത്. അവശിഷ്ടങ്ങള്‍ കനാലിലും മറ്റും തള്ളുന്നതായും പരാതിയുണ്ട്. കെ. പ്രസന്നകുമാര്‍ പ്രസിഡന്‍റായിരുന്ന മുന്‍ എല്‍.ഡി.എഫ് ഭരണസമിതി പൊതുനിരത്തിലെ മത്സ്യ, മാംസ വില്‍പനക്കെതിരെ ഹൈകോടതിയില്‍ ഹരജി നല്‍കി പ്രത്യേക ഉത്തരവ് നേടുകയും നടപ്പാക്കുകയും ചെയ്തിരുന്നു. ഏനാത്ത് പുതിയ ചന്ത ആരംഭിക്കാനും അന്ന് കഴിഞ്ഞിരുന്നു. എന്നാല്‍, നിലവിലെ എല്‍.ഡി.എഫ് ഭരണസമിതി ഇത്തരം അനധികൃത വില്‍പനയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മറുപക്ഷം ആരോപിക്കുന്നു. കെ.പി റോഡില്‍ വെള്ളഞ്ചിപാലത്തിനു സമീപം സ്ഥിരം സ്റ്റാളുകളാണ് മത്സ്യവ്യാപാരത്തിനു കെട്ടിയിട്ടിരിക്കുന്നത്. മലിനജലം ഒഴുകിയത്തെുന്നതും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതും വെള്ളമൊഴുകുന്ന തോട്ടിലേക്കാണ്. ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ ഏഴംകുളത്ത് പൊതുചന്ത ആരംഭിക്കാന്‍ പതിറ്റാണ്ടുകള്‍ ഗ്രാമം ഭരിച്ച എല്‍.ഡി.എഫ്, യു.ഡി.എഫ് ഭരണസമിതികള്‍ക്കു കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.