ടിപ്പറുകള്‍ ചീറിപ്പായുന്നു

പത്തനംതിട്ട: നിയമം കാറ്റില്‍ പറത്തി സ്കൂള്‍ സമയങ്ങളിലും ടിപ്പറുകള്‍ നിരത്തിലൂടെ ചീറിപ്പായുന്നത് കുട്ടികള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരേപോലെ ഭീഷണിയാകുന്നു. ടി.കെ റോഡിലെ പ്രധാന ജങ്ഷനുകളിലൊന്നായ ഇരവിപേരൂരില്‍ റോഡ് മുറിച്ചുകടക്കാന്‍ തന്നെ ബുദ്ധിമുട്ടുമ്പോഴാണ് ടിപ്പറുകള്‍ സ്കൂള്‍ സമയങ്ങളിലും ഓടുന്നത്. റാന്നി റോഡ് ടി.കെ റോഡുമായി സംഗമിക്കുന്ന ജങ്ഷനിലാണ് സെന്‍റ് ജോണ്‍സ് സ്കൂളിലെ കുട്ടികളുമത്തെുന്നത്. സ്കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകുന്നേരവും ഉച്ചക്കും കുട്ടികള്‍ ഏറെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചുകടക്കുന്നത്. ഈ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ട്രാഫിക് പൊലീസിന്‍െറ സാന്നിധ്യം സ്കൂള്‍ സമയങ്ങളില്‍ ജങ്ഷനില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ക്രമേണ ഇതും നിലക്കുകയായിരുന്നു. റാന്നി റോഡില്‍നിന്ന് അമിതവേഗത്തിലാണ് ടിപ്പറുകള്‍ ടി.കെ റോഡിലേക്ക് പ്രവേശിക്കുന്നത്. റാന്നി റോഡില്‍നിന്ന് ടി.കെ റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ പലപ്പോഴും ഹമ്പ് ചാടി അമിതമായി ലോഡ് കയറ്റിവരുന്ന ടിപ്പറില്‍നിന്ന് മെറ്റലും മണ്ണുമൊക്കെ റോഡിലേക്ക് തെറിച്ചുവീഴുന്നതും പതിവുകാഴ്ചയാണ്. ഇത് പലപ്പോഴും കാല്‍നടക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. ജങ്ഷനിലെ തിരക്ക് ഒഴിവാക്കാന്‍ ബസ് സ്റ്റോപ്പുകള്‍ മാറ്റി പുന$ക്രമീകരിച്ചെങ്കിലും കോഴഞ്ചേരി, തിരുവല്ല റൂട്ടുകളിലേക്കുള്ള ബസുകള്‍ പഴയ സ്റ്റോപ്പുകളില്‍ തന്നെ നിര്‍ത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. സ്കൂള്‍ സമയങ്ങളിലെങ്കിലും റോഡിലെ തിരക്ക് ഒഴിവാക്കാനും ടിപ്പറുകളുടെയും മറ്റ് വാഹനങ്ങളുടെയും അമിതവേഗം നിയന്ത്രിക്കാനും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പലപ്പോഴും റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും സഹായിച്ചാണ് റോഡിന്‍െറ മറുവശത്ത് എത്തിക്കാറുള്ളത്. സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകളുടെ സഞ്ചാരം നിര്‍ത്തലാക്കാനും ട്രാഫിക് പൊലീസിന്‍െറ സഹായം ജങ്ഷനില്‍ ഉണ്ടാകാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.