ആകാശ ഊഞ്ഞാല്‍: അന്വേഷണം മന്ദഗതിയില്‍

പത്തനംതിട്ട: ചിറ്റാറില്‍ ആകാശ ഊഞ്ഞാലില്‍ കയറിയ സഹോദരങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തില്‍ പൊലീസ് നടപടികള്‍ക്ക് വേഗം പോരെന്ന് പരാതി. ‘ഓണപ്പൂരം’ പേരില്‍ സംഘടിപ്പിച്ച കാര്‍ണിവല്‍ അപകടത്തെതുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകനായ കുളത്തുങ്കല്‍ സജിയുടെ രണ്ടു മക്കളാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ണിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ തുടര്‍നടപടി തടസ്സപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പറഞ്ഞ പൊലീസ് പിന്നീട് ഇതേക്കുറിച്ച് മിണ്ടുന്നില്ല. കഴിഞ്ഞ ഒമ്പതിന് വൈകീട്ട് എട്ടോടെയുണ്ടായ അപകടത്തിലാണ് പ്രിയങ്ക(15), സഹോദരന്‍ അലന്‍ (അഞ്ച്) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതില്‍ അലന്‍ അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രിയങ്കയും 16ന് രാത്രി യാത്രയായി. ഗ്രാമപഞ്ചായത്തിന്‍െറ അനുമതി ഇല്ലാതെ നടന്ന കാര്‍ണിവലുമായി ബന്ധപ്പെട്ട് വിനോദനികുതി ഇനത്തില്‍ 20,000 രൂപ വാങ്ങിയ തദ്ദേശഭരണ വകുപ്പ് ഭാരവാഹികളും അധികൃതരും പ്രതിക്കൂട്ടിലാണ്. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണം നടത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളില്ലാതെ പൊലീസ് സ്റ്റേഷന് തൊട്ടുടത്ത് നടന്ന പരിപാടിയെ സംബന്ധിച്ച് അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമീഷന്‍ കലക്ടറോടും എസ്.പിയോടും വിശദീകരണം തേടിയിരുന്നു. ഇതത്തേുടര്‍ന്ന് എ.ഡി.എം നടത്തിയ അന്വേഷണത്തില്‍ ഗ്രാമപഞ്ചായത്ത് നടപടിയെ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ആകാശ ഊഞ്ഞാല്‍ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍െറ ചുമതല പത്തനംതിട്ട ഡിവൈ.എസ്.പി പാര്‍ഥസാരഥി പിള്ളക്ക് നല്‍കി. ഇതേവരെ കേസ് അന്വേഷിച്ചിരുന്നത് ചിറ്റാര്‍ സി.ഐയുടെ നേതൃത്വത്തിലായിരുന്നു. സി.ഐക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് ഡിവൈ.എസ്.പിയെ അന്വേഷണം ഏല്‍പിച്ചത്. പ്രതികളെ സഹായിക്കുന്നതരത്തില്‍ പൊലീസ് കേസ് മാറ്റിമറിക്കുന്നുവെന്ന ആരോപണം അപകടത്തില്‍ മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി എന്‍. പാര്‍ഥസാരഥി പിള്ള ഞായറാഴ്ച രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മേള നടത്തിയതെന്നാണ് പ്രാഥമിക നിയമനം. നാല്‍പ്പതടി ഉയരമുള്ള ആകാശ ഊഞ്ഞാലിന്‍െറ പ്രവര്‍ത്തനത്തെക്കുറിച്ച് പി.ഡബ്ള്യു.ഡി മെക്കാനിക്കല്‍ സെക്ഷന്‍ ഓഫിസര്‍ പരിശോധിച്ചു. ആകാശ ഊഞ്ഞാലിന്‍െറ ബക്കറ്റിന് മതിയായ സുരക്ഷയില്ലായിരുന്നുവെന്നും സീറ്റ്ബല്‍റ്റോ കുറുകെയുള്ള കമ്പിയോ ഉണ്ടായിരുന്നില്ളെന്നും മിക്ക ബക്കറ്റിന്‍െറയും അടിഭാഗം തുരുമ്പെടുത്തതായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിന്‍െറ ഭാഗമായി ഡിവൈ.എസ്.പി വ്യാപാരികളുടെ മൊഴിയെടുത്തു. ചിറ്റാര്‍ സി.ഐ എം.ജി. ബാബു, എസ്.ഐ ശ്രീജിത് എന്നിവരും ഡിവൈ.എസ്.പിയോടൊപ്പമുണ്ടായിരുന്നു. മേള നടത്തിപ്പുകാരില്‍ ആറുപേര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. നടത്തിപ്പുകാരില്‍ പ്രധാനിയായ ചങ്ങനാശേരി സ്വദേശി റഷീദ് ഒളിവിലാണ്. പഞ്ചായത്തിന്‍െറ മൗനാനുവാദത്തോടെയും സി.പി.എമ്മിന്‍െറ പ്രാദേശിക നേതാക്കളുടെ പിന്തുണയോടെയുമാണ് കാര്‍ണിവല്‍ നടന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, കുട്ടികള്‍ ഊഞ്ഞാലില്‍നിന്ന് വീണ് മരിച്ചതോടെ കുറ്റമെല്ലാം കാര്‍ണിവല്‍ നടത്തിപ്പുകാരുടെ തലയില്‍ ചാരി പഞ്ചായത്ത് അധികൃതരും പാര്‍ട്ടി നേതാക്കളും കൈകഴുകാനുള്ള ശ്രമമാണ്. കാര്‍ണിവലിന് പഞ്ചായത്ത് അനുമതി കൊടുത്തിരുന്നില്ളെന്നും വിവിധ വകുപ്പുകളുടെ അനുമതി പത്രം ഹാജരാക്കുന്ന മുറക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് അറിയിച്ചിരുന്നുവെന്നുമാണ് പ്രസിഡന്‍റിന്‍െറ ഭാഷ്യം. സംഭവത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ പത്തിന് ചിറ്റാര്‍ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റോയിച്ചന്‍ എഴിക്കകത്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.