ഏനാദിമംഗലം ഇരപ്പന്‍പാറ വിനോദസഞ്ചാര പദ്ധതിക്ക് കാത്തിരിക്കുന്നു

അടൂര്‍: നിരവധി ചലച്ചിത്രങ്ങള്‍ക്ക് പ്രകൃതിഭംഗി പകര്‍ന്ന ഏനാദിമംഗലം ഗ്രാമത്തിലെ ഇരപ്പന്‍പാറ വെള്ളച്ചാട്ടവും സ്കിന്നര്‍പുരം എസ്റ്റേറ്റിലെ അരുവികളും അഞ്ചുമലപാറയും ഒക്കെക്കൂടി വിനോദസഞ്ചാര സാധ്യത ഉണ്ടായിട്ടും വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇതൊന്നും വലിയ കാര്യമല്ളെന്ന മട്ടാണ്. വേനലില്‍പോലും ഗ്രാമവാസികളെ കുളിരണിയിപ്പിക്കുന്ന ഇരപ്പന്‍പാറ വെള്ളച്ചാട്ടം മങ്ങാട് വാര്‍ഡില്‍ സ്കിന്നര്‍പുരം റബര്‍ തോട്ടത്തിന്‍െറ പടിഞ്ഞാറ് അതിര്‍ത്തിയിലാണ.് നാട്ടുകാരുടെ ഈ ചെറുകുറ്റാലത്ത് 60 അടി ഉയരത്തില്‍നിന്ന് തട്ടുതട്ടായി കിടക്കുന്ന കൂറ്റന്‍ പാറകളിലൂടെ പതിക്കുന്ന സ്ഫടികജലം പാറയിടുക്കിലൂടെ ചിതറിത്തെറിക്കുന്ന കാഴ്ച മനോഹരമാണ്. ചലച്ചിത്രങ്ങള്‍ക്കും നൂറുകണക്കിന് വിവാഹ ആല്‍ബങ്ങള്‍ക്കും ദൃശ്യവിരുന്നൊരുക്കിയ ഇരപ്പന്‍പാറയില്‍ അനശ്വരനടന്മാരുടെയും നടിമാരുടെയും പാദസ്പര്‍ശമേറ്റിട്ടുണ്ട്. ജയന്‍ അഭിനയിച്ച ‘മറ്റൊരു കര്‍ണന്‍’, സത്യന്‍, ഷീല എന്നിവര്‍ അഭിനയിച്ച ‘ഭാഗ്യജാതകം’, രവികുമാര്‍, സീമ, അംബിക എന്നിവര്‍ പ്രധാന വേഷമിട്ട ‘അമ്മയും മകളും’, ‘മൈനത്തരുവി കൊലകേസ്’, അമേരിക്കനച്ചായന്‍ എന്ന സി.എസ്. എബ്രഹാമിന്‍െറ ‘അമ്പാടി തന്നിലൊരുണ്ണി’ തുടങ്ങിയ ചലച്ചിത്രങ്ങളാണ് ഇവിടെ ഷൂട്ട് ചെയ്തത്. തട്ടായി കിടക്കുന്ന പാറകളുടെ മധ്യത്തിലുള്ള പാറ ‘നിരപ്പന്‍പാറ’ എന്നറിയപ്പെടുന്നു. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന ഈ പാറയുടെ മുകളിലിരുന്നാല്‍ നിരങ്ങി താഴെയത്തൊം. പാറകളെ തൊട്ടുരുമ്മി നില്‍ക്കുന്ന വൃക്ഷങ്ങളിലെ കാട്ടുവള്ളികളില്‍ തൂങ്ങി താഴേക്കും മുരകളിലേക്കും സഞ്ചരിക്കുന്നത് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വിനോദോപാധിയാണ്. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന വലിയതോടിന്‍െറ ഉല്‍ഭവസ്ഥാനം കൂടിയായ ഇരപ്പന്‍പാറ വെള്ളച്ചാട്ടത്തിന്‍െറ ഇരമ്പല്‍ ഒരുകാലത്ത് കായംകുളം-പുനലൂര്‍ പാതയില്‍നിന്നാല്‍ കേള്‍ക്കാമായിരുന്നു. വാഹനങ്ങളുടെ ബാഹുല്യം നിമിത്തം വെള്ളച്ചാട്ടത്തിന്‍െറ ശബ്ദം കേള്‍ക്കാതെയായി. മങ്ങാട്-പുതുവല്‍ പാതയുടെയും സ്കിന്നര്‍പുരം പാതയുടെയും സമീപമാണ് ഇരപ്പന്‍പാറ. ആര്‍. ഉണ്ണികൃഷ്ണപിള്ള എം.എല്‍.എ ആയിരുന്നപ്പോള്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഇവിടെ കലുങ്കും സംരക്ഷണഭിത്തികളും നിര്‍മിച്ചിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആദ്യമായി മന്ത്രി ആകുന്നതിനു മുമ്പും ഡി. ഭാനുദേവന്‍ പറക്കോട് ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായിരിക്കെ ഇരുവരും സ്കിന്നര്‍പുരത്തിന്‍െറയും ഇരപ്പന്‍പാറയുടെയും പ്രകൃതി വിനോദസഞ്ചാര സാധ്യത വകുപ്പ് മന്ത്രി ആയിരുന്ന പ്രഫ. കെ.വി. തോമസിന്‍െറയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇരപ്പന്‍പാറ വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലം ‘പിക്നിക് സ്പോട്ട്’ ആക്കാമെന്ന് മന്ത്രി ഉറപ്പു പറഞ്ഞിരുന്നെങ്കിലും പിന്നെ ഒന്നും കേട്ടില്ല. മുന്‍ മന്ത്രി അടൂര്‍ പ്രകാശ് പ്രതിനിധീകരിക്കുന്ന കോന്നി നിയോജകമണ്ഡലത്തിന്‍െറ പരിധിയിലാണ് ഈ ഗ്രാമം. പ്രകൃതിയുടെ പവിത്രത കാത്തുസൂക്ഷിച്ചുതന്നെ ഇവിടം പ്രകൃതി വിനോദസഞ്ചാര കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.