കോട്ടാങ്ങല്‍ മൃഗാശുപത്രി: ഒരുവര്‍ഷം മുമ്പ് തകര്‍ന്ന മേല്‍ക്കൂര അതേപടി

മല്ലപ്പള്ളി: ഒരുവര്‍ഷം മുമ്പ് കാറ്റിലും മഴയിലും വട്ടമരം കടപുഴകി തകര്‍ന്ന മേല്‍ക്കൂര അതേപടി കിടക്കുകയാണ് കോട്ടാങ്ങല്‍ മൃഗാശുപത്രിയുടെ പ്രധാന കെട്ടിടം. മേല്‍ക്കൂരയുടെ കഴുക്കോലും പട്ടികയും ഓടും തകര്‍ന്ന് മുറിക്കുള്ളിലേക്കാണ് വീണത്. പ്രവൃത്തിദിവസമായിരുന്നിട്ടും മൂന്ന് ജീവനക്കാര്‍ തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. മഴ പെയ്താല്‍ നനയാതിരിക്കാന്‍ ജീവനക്കാര്‍ തന്നെ പണംമുടക്കി ഒരു ടാര്‍പോളിന്‍ ഷീറ്റ് വാങ്ങി കെട്ടിടത്തിന്‍െറ മുകളില്‍ വിരിച്ചു. പിന്നീട് ഇതുവരെ ഒരു അറ്റകുറ്റപ്പണിയും ചെയ്തിട്ടില്ല. കോട്ടാങ്ങല്‍ പഞ്ചായത്തിന്‍െറ ഭരണപരിധിയില്‍ പെടുന്നതാണ് ഈ മൃഗാശുപത്രി. നാലാംവാര്‍ഡില്‍ സ്ഥിതിചെയ്യുന്ന മൃഗാശുപത്രിയുടെ അവസ്ഥ പഞ്ചായത്ത് അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുന്നു. 40വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണ് ഇത്. കെട്ടിടത്തിന്‍െറ പലഭാഗങ്ങളും ജീര്‍ണാവസ്ഥയിലാണ്. മൃഗാശുപത്രി അനുവദിച്ചപ്പോള്‍ അടങ്ങന്നൂര്‍ മൊയ്തീന്‍ കുട്ടി എന്നയാള്‍ 25 സെന്‍റ് സൗജന്യമായി നല്‍കിയതാണ് ഈ സ്ഥലം. അക്കാലം മുതല്‍ ഈ സ്ഥലത്ത് വളര്‍ന്ന തേക്കുകളും ആഞ്ഞിലി മരങ്ങളും വട്ടകളും വെട്ടിമാറ്റുന്നതിന് നടപടിയുണ്ടായിട്ടില്ല. പാറ നിറഞ്ഞ സ്ഥലം കൂടിയായതിനാല്‍ കാറ്റടിച്ചാല്‍ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യത ഏറെയുണ്ട്. മൃഗാശുപത്രിയുടെ മുറ്റത്തുനില്‍ക്കുന്ന ഒരു വാകമരത്തിന്‍െറ കൊമ്പുകള്‍ ഒടിഞ്ഞു വീണ് പലപ്രാവശ്യം ഓട് പൊട്ടിയിട്ടുണ്ട്. കൂടാതെ വാകമരത്തിന്‍െറ വേര് കെട്ടിടത്തിന്‍െറ അടിത്തറയിലേക്ക് കയറി അടിത്തറയും ഇളകിക്കൊണ്ടിരിക്കുന്നു. പ്രധാന കെട്ടിടത്തിന് സമീപത്തായി മറ്റൊരു കോണ്‍ക്രീറ്റ് കെട്ടിടം എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച് നിര്‍മിച്ചിട്ടുണ്ട്. അതും മഴനനഞ്ഞ് പായല്‍ പിടിച്ചും ഭിത്തികള്‍ വിണ്ടുകീറിയും ബലക്ഷയമായിട്ടുണ്ട്. മൃഗാശുപത്രിയുടെ മുറ്റത്തോട് ചേര്‍ന്നാണ് പുലിയുറുമ്പ് റോഡ് കടന്നുപോകുന്നത്. റോഡും മുറ്റവും വേര്‍തിരിച്ച് ഒരു ചുറ്റുമതിലില്ലാത്തത് രാത്രിയില്‍ മദ്യപരുടെയും മറ്റു സാമൂഹിക വിരുദ്ധരുടെയും വിഹാര രംഗമാകുന്നതിനും അവസരമുണ്ടാകുന്നു. ആശുപത്രിയുടെ അറ്റകുറ്റപ്പണിക്കായി 2015ല്‍ മൃഗ സംരക്ഷണ വകുപ്പില്‍നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തിന്‍െറ അനുമതിയും അംഗീകാരവും ലഭിച്ചെങ്കില്‍ മാത്രമെ പണം ചെലവഴിക്കാനാവൂ എന്നതിനാല്‍ പഞ്ചായത്ത് അധികൃതരുടെ കണ്ണുതുറക്കാന്‍ പ്രാര്‍ഥിക്കുകയാണ് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.