ഒരുക്കാന്‍ സമയമില്ളേ, സദ്യ ഇവിടെയുണ്ട്

പത്തനംതിട്ട: തിരക്കിനിടെ ഓണസദ്യ ഒരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് സദ്യയുമായി ഹോട്ടലുകള്‍. ഓണസദ്യ ഹോട്ടലുകളില്‍നിന്ന് കഴിക്കുന്നവരുടെ എണ്ണം ഓരോവര്‍ഷവും വര്‍ധിക്കാന്‍ തുടങ്ങിയതോടെ ഹോട്ടലുകളെല്ലാം സദ്യ ഒരുക്കാനുള്ള തിരക്കിലാണ്. ഓണത്തോടനുബന്ധിച്ച് 12,13,14 തീയതികളിലാണ് മിക്ക ഹോട്ടലുകളിലും ഓണസദ്യ ഒരുക്കുന്നത്. 15 മുതല്‍ 30കൂട്ടം വരെ കറികളും രണ്ടുതരം പായസവും അടങ്ങുന്നതാണ് സദ്യ. 150 രൂപ മുതല്‍ 340 രൂപ വരെയാണ് ഈടാക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതനുസരിച്ചാണ് മിക്ക ഹോട്ടലുകളും സദ്യ ഒരുക്കുന്നത്. പരമ്പരാഗത രീതിയില്‍ വാഴയിലയിലാണ് വിളമ്പുന്നത്. വാഴയില തമിഴ്നാട്ടില്‍നിന്നാണ് എത്തിക്കുന്നത്. ഉപ്പ്, ഉപ്പേരി, ശര്‍ക്കരവരട്ടി, ഓലന്‍, കാളന്‍, തോരന്‍, അവിയല്‍, പരിപ്പ്, പച്ചടി, സാമ്പാര്‍ എന്നിങ്ങനെ നീളുന്നു വിഭവങ്ങള്‍. ഇതിനൊപ്പം രണ്ടുതരം പായസവുമുണ്ടാകും. അടപ്രഥമനാണ് ആവശ്യക്കാരേറെ. ഹോട്ടലുകളില്‍ ഓണവിഭവങ്ങള്‍ തയാറാക്കാനായി വിദഗ്ധ പാചകക്കാരുമുണ്ട്. 15 വര്‍ഷമായി ഓണസദ്യ ഒരുക്കുന്ന ഹോട്ടലുകള്‍ ജില്ലയിലുണ്ട്. തിരക്കിനിടെ വീട്ടില്‍ സദ്യ തയാറാക്കാന്‍ കഴിയാത്തവരാണ് അധികവും ഹോട്ടലുകളില്‍ എത്തുന്നത്. മിക്കവരും കുടുംബസമേതമാണ് എത്തുക. ഓഫിസുകളില്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി സദ്യ ബുക്ക് ചെയ്ത് എത്തുന്നവരുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.