ആകാശ ഊഞ്ഞാല്‍ അപകടം: പ്രിയങ്കയുടെ നില ഗുരുതരം; കലക്ടര്‍ അന്വേഷണം നടത്തും

ചിറ്റാര്‍: ആകാശ ഊഞ്ഞാലില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായ പ്രിയങ്കയുടെ നില അതീവഗുരുതരം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രിയങ്ക ചികിത്സയിലുള്ളത്. അപകടനില തരണം ചെയ്തിട്ടില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വേഗത്തില്‍ വീല്‍ കറങ്ങുന്നതിനിടെ സഹോദരന്‍ അലന്‍ തൊട്ടിയില്‍നിന്ന് വഴുതി വീഴുന്നത് കണ്ട് രക്ഷിക്കുന്നതിനിടെയാണ് പ്രിയങ്കയും അപകടത്തില്‍പെടുന്നത്. ഇരുവരും ഊഞ്ഞാല്‍ ഘടിപ്പിച്ച ഗ്രില്ലില്‍ തലയിടിച്ചാണ് വീണത്. അപകടത്തില്‍ അലന്‍ മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ചിറ്റാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ് സംഘടിപ്പിച്ച ഓണോത്സവത്തില്‍ അപകടമുണ്ടായത്. ആകാശ ഊഞ്ഞാലില്‍ ഇരുന്നവരെ ഇറക്കുന്നതിനിടെ വീല്‍ ശക്തമായി കറങ്ങിയതും മറ്റ് തൊട്ടികളില്‍ ആളുകള്‍ ഇല്ലാതിരുന്നതും അപകടത്തിനു കാരണമായി. വലിയ ആളുകള്‍ക്ക് ഇരിക്കത്തക്ക നിലയിലാണ് തൊട്ടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കുട്ടികള്‍ ഇരുന്നാല്‍ ശക്തമായി കറങ്ങുന്നതിനിടെ ഇരിപ്പിടത്തിന്‍െറ ഇടയിലൂടെ വഴുതി വീഴും. എന്നാല്‍, ഇത് വകവെക്കാതെയാണ് കൊച്ചുകുട്ടികളെ ഇതില്‍ കയറ്റിയത്. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷണം നടത്തും. എ.ഡി.എമ്മും ഡിവൈ.എസ്.പിയും അപകടസ്ഥലം സന്ദര്‍ശിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഒരു മാനദണ്ഡവും പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ആവശ്യമായ അനുമതിയോടെയാണോ നടത്തിയതെന്നും അന്വേഷിക്കും. കാലപ്പഴക്കം ചെന്ന റൈഡുകളാണ് ഉപയോഗിച്ചതെന്ന് ബോധ്യമായിട്ടുണ്ട്. ഇതിന്‍െറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടസ്ഥലം സന്ദര്‍ശിക്കുന്നതിനിടെ നാട്ടുകാര്‍ നിരവധി പരാതികള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്ന് എ.ഡി.എം സഞ്ജീവ്കുമാറും. ഡിവൈ.എസ്.പി പാര്‍ഥസാരഥിപിള്ളയും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. പൊലീസ് സംഘാടകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംഘാടകരുടെ വാഹനങ്ങള്‍ നശിപ്പിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ളെങ്കില്‍ പ്രതിഷേധം നടത്തമെന്നും നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.